കണ്ണൂർ: താൻ ഇടത് പ്രത്യയശാസ്ത്രത്തോട് യോജിപ്പുള്ളയാളാണെന്ന് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന് അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ ജോലി നൽകാനുള്ള തീരുമാനം എടുത്തുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് വിസിയുടെ പ്രതികരണം. പ്രിയ വർഗ്ഗീസിന് യോഗ്യതയുണ്ടോ എന്നതിൽ ആശയക്കുഴപ്പമുണ്ടെന്നും ഡോ. ഗോപിനാഥ് സമ്മതിച്ചു.
പിഎച്ച്ഡി കാലയളവ് അധ്യാപന പരിചയമായി കണക്കാക്കണോ എന്നതിൽ വ്യക്തത ഇല്ലെന്നും സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് പ്രിയയെ ഇന്റർവ്യൂവിൽ പങ്കെടുപ്പിച്ചതെന്നും വിസി പറഞ്ഞു. ഒരാൾക്ക് അവസരം നഷ്ടമാകരുത് എന്നാണ് യൂണിവേഴ്സിറ്റി കരുതിയത്. ആ തിരുമാനത്തിന്റെ ഭാഗമായാണ് ഇന്റർവ്യൂവിന് പങ്കെടുപ്പിച്ചത്. നിയമ ഉപദേശം കിട്ടിയ ശേഷമേ തുടർ നടപടി ഉണ്ടാകൂ എന്നും വിസി അറിയിച്ചു.
അസോസിയേറ്റ് പ്രൊഫസറാകാൻ അടിസ്ഥാന യോഗ്യതയായി ഗവേഷണ ബിരുദവും അസിസ്റ്റന്റ് പൊഫസർ എന്ന നിലയിൽ എട്ടുവർഷത്തെ അധ്യാപന പരിചയവും എട്ടിൽ കുറയാത്ത ഗവേഷണ പ്രബന്ധങ്ങളും വേണമെന്നാണ് യുജിസി ചട്ടം. 2012 ൽ അസി പ്രൊഫസറായ പ്രിയ മൂന്ന് വർഷം പിഎച്ച്‍ഡി ചെയ്യാൻ അവധിയിൽ പോയി. രണ്ട് കൊല്ലം യൂണിവേഴ്സിറ്റി സ്റ്റുഡനറ് ഡയറക്ടർ തസ്തികയിൽ ഡെപ്യൂട്ടേഷനായിരുന്നു. ഇത് രണ്ടും അധ്യാപന പരിചയമായി കാണാനാകില്ലെന്നും നാലുവർഷത്തെ മാത്രം പരിചയമുള്ള പ്രിയയെ പട്ടികയിൽ നിന്ന് ഒഴിവാക്കണം എന്നുമാണ് സേവ് യൂണിവേഴ്സിറ്റിയും പ്രതിപക്ഷ സംഘടനകളും ആവശ്യപ്പെടുന്നത്.
അതേസമയം നിയമന വിവാദത്തിൽ ഇടപെട്ട ചാൻസിലർ കൂടിയായ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ വിസിയോട് വിശദീകരണം തേടി. നിയമനത്തിന്റെ വിശദമായ റിപ്പോർട്ട് നൽകാനും ഗവർണർ ആവശ്യപ്പെട്ടു.
Discussion about this post