കൊച്ചി: തൃക്കാക്കര നഗരസഭാ കൗൺസിൽ യോഗത്തിനിടെ കൗൺസിലർമാർ തമ്മിലടിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സി.പി.ഐ നേതാവ് എം.ജെ. ഡിക്സണും കോൺഗ്രസ് നേതാവ് സി.സി ബിജുവുമാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലായിരുന്നു കൗൺസിലർമാർ തമ്മിലടിച്ചത്.
സംഘർഷത്തിൽ ആറ് കൗൺസിലർമാർക്ക് പരിക്കേറ്റിരുന്നു. എൽ.ഡി.എഫ് കൗൺസിലർമാരായ ഉഷ പ്രവീൺ, സുമ മോഹൻ, അജുന ഹാഷിം, യു.ഡി.എഫ് കൗൺസിലർമാരായ നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ, ലാലി ജോഫിൻ, ഉണ്ണി കാക്കനാട് എന്നിവരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.
ഇതിന് മുൻപ് നടന്ന തർക്കവുമായി ബന്ധപ്പെട്ട് പൊളിച്ച നഗരസഭ അധ്യക്ഷയുടെ ചേംബറിന്റെ പൂട്ട് മാറ്റിവെച്ചതുമായി ബന്ധപ്പെട്ട ചർച്ചയാണ് കൈയ്യാങ്കളിയിൽ കലാശിച്ചത്. പൂട്ട് മാറ്റിവെക്കുന്നതിന് ചെലവായ 8,400 രൂപ അനുവദിക്കുന്നതിന് കൗൺസിലിന്റെ അംഗീകാരം തേടുന്നതായിരുന്നു വിഷയം.
ചേംബറിന്റെ പൂട്ട് പൊളിച്ചവരിൽ നിന്ന് തന്നെ പണം ഈടാക്കണമെന്നും ഇതിനായി പൊതുമുതൽ ചെലവാക്കാൻ കഴില്ലെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. ആരാണ് പൂട്ട് പൊളിച്ചതെന്ന് വ്യക്തമാണെന്നും ക്രിമിനലുകളാണെന്നുമായിരുന്നു അധ്യക്ഷയുടെ പ്രതികരണം. ഇതാണ് ഒടുവിൽ കൈയ്യാങ്കളിയിൽ എത്തിയത്.
Discussion about this post