കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ ഫേസ്ബുക്ക് പേജ് അജ്ഞാതർ ഹാക്ക് ചെയ്തു. ഓസ്ട്രേലിയൻ സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ വിൽക്കുന്ന ഡെർമാല്യാന എന്ന കമ്പനിയുടെ പരസ്യങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിബലിന്റെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെടുന്നത്. നവംബർ 29 മുതലാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടത്. എന്നാൽ ഡിസംബർ 2നാണ് പേജ് റിക്കവർ ചെയ്തിരിക്കുന്നത്.
നാല് ദിവസം കൊണ്ട് നിരവധി പോസ്റ്റുകളും വീഡിയോകളുമാണ് കപിൽ സിബലിന്റെ പേജിൽ ഓസ്ട്രേലിയൻ കമ്പനിയുടേതായി പ്രത്യക്ഷപ്പെട്ടത്. ഫേസ്ബുക്ക് പേജിലെ വിവരങ്ങൾ മുഴുവൻ ഡെർമാല്യാന എന്ന പേരിലേക്ക് മാറിയിരുന്നു. 2019 ഏപ്രിൽ മാസത്തിന് ശേഷം കപിൽ സിബൽ ഫേസ്ബുക്ക് പേജ് ഉപയോഗിച്ചിരുന്നില്ല. അതിനാലാവാം അബദ്ധം പിണഞ്ഞ് ദിവസങ്ങളോളം അത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടാതെ പോയത്.
ഡെർമാല്യാനയുടെ ഉത്പന്നങ്ങളുമായി നിൽക്കുന്ന ഒരു സ്ത്രീയുടെ ചിത്രം അടങ്ങിയ ഫേസ്ബുക്ക് പോസ്റ്റ്, കമ്പനിയുടെ പരസ്യം പറയുന്ന ഒരു ടിക് ടോക് വീഡിയോ എന്നിവയാണ് ഏറെ പ്രചരിപ്പിക്കപ്പെട്ടത്. കപിൽ സിബലിന്റെ ചിത്രവും ഹാക്കർമാർ ദുരുപയോഗം ചെയ്തു. ഡെർമറ്റോളജിസ്റ്റ് എന്ന നിലയിലേക്ക് പേജിന്റെ കാറ്റഗറിയും മാറ്റിയിരുന്നു.
Discussion about this post