ഡൽഹി: നൂറ്റാണ്ടുകൾ നീണ്ട കോളനിവാഴ്ചയ്ക്ക് ഇന്ത്യൻ ജനതയുടെ ജനാധിപത്യവാഞ്ച ഇല്ലാതാക്കാൻ സാധിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സാംസ്കാരിക ധാരയിൽ ജനാധിപത്യ ബോധം അന്തർലീനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിളിച്ചു ചേർത്ത ആഗോള ജനാധിപത്യ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രണ്ടായിരത്ത് അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട നാട്ടുഭരണ സംവിധാനങ്ങൾ ഉണ്ടായിരുന്നു. പത്താം നൂറ്റാണ്ടിൽ ഉത്തരമേരൂരിൽ സ്ഥാപിക്കപ്പെട്ട ശിലാലിഖിതത്തിൽ ജനാധിപത്യ ആശയങ്ങളുടെ തെളിവുകൾ രേഖപ്പെടുത്തിയിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ശക്തമായ രാജഭരണത്തിന് സമാന്തരമായി പ്രവർത്തിച്ച ജനാധിപത്യ സംവിധാനങ്ങൾ പ്രാചീന ഭാരതത്തെ കൂടുതൽ അഭിവൃദ്ധിപ്പെടുത്തി. കഴിഞ്ഞ എഴുപത്തിയഞ്ച് വർഷമായി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി നിലനിൽക്കാൻ ഇന്ത്യക്ക് ഈ അടിത്തറയിൽ നിന്ന് സാധിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ത്വരിത ഗതിയിൽ മുന്നേറുന്ന ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ പദ്ധതികളുടെ കഥയാണ് ഇന്ത്യൻ ജനാധിപത്യത്തിന് ഇന്ന് പറയാനുള്ളത്. ലോകത്തിന് ഏറ്റവും ഉദാത്തമായ മാതൃക പകരാൻ ജനാധിപത്യത്തിന് മാത്രമാണ് സാധിക്കുക എന്നതാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാഷ്ട്രീയ സ്വാതന്ത്ര്യം, സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ, മാധ്യമ സ്വാതന്ത്ര്യം എന്നിവയാണ് ജനാധിപത്യത്തിന്റെ സുപ്രധാന ശിലകൾ. പൗരന്മാരുടെയും സമൂഹങ്ങളുടെയും തെളിമയുള്ള ഉൾക്കാഴ്ചയാണ് ജനാധിപത്യത്തെ നിലനിർത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്നവർ നയിക്കുന്ന ജനകീയ ഭരണം മാത്രമല്ല, ജനങ്ങൾക്കൊപ്പം ജനങ്ങളിൽ തന്നെ കുടികൊള്ളുന്ന മഹത്തായ ആശയം കൂടിയാണ് ജനാധിപത്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അമേരിക്കൻ ജനാധിപത്യത്തിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിഡന്റ് ബൈഡൻ വിളിച്ചു ചേർത്ത ആഗോള ജനാധിപത്യ ഉച്ചകോടിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഉച്ചകോടിയിൽ ചൈനക്ക് ക്ഷണമില്ല.
Discussion about this post