വാഷിംഗ്ടൺ: അമേരിക്കയിൽ അതിശക്തമായ കൊടുങ്കാറ്റിൽ നിരവധി പേർ മരിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റുകളിൽ ഒന്ന് എന്നാണ് ഇതിനെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന.
മിക്ക പട്ടണങ്ങളും അപ്പാടെ തകർന്നതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. കെന്റെക്കിയിൽ മാത്രം എഴുപതിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇല്ലിനോയിസിൽ ആറ് പേർ മരിച്ചു. ഫാക്ടറികളിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്തിരുന്നവരാണ് കൂടുതലും അപകടത്തിൽ പെട്ടത്.
നൂറിലധികം പേർ മരിച്ചതായി കെന്റെക്കി ഗവർണർ സംശയം പ്രകടിപ്പിച്ചു. കെന്റെക്കിയിലെ മെയ്ഫീൽഡ് പട്ടണം നിമിഷങ്ങൾക്കകം പൂർണമായി നിലം പൊത്തി. പതിനായിരം പേർ അധിവസിക്കുന്ന പട്ടണമാണിത്. ആമസോണിലെ തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.












