തിരുവനന്തപുരം: സർവ്വകലാശാലകളിലെ രാഷ്ട്രീയ അതിപ്രസരത്തെ കുറിച്ച് ഗവർണർ നടത്തിയ വിമർശനം പുതിയ മാനങ്ങളിലേക്ക്. കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ പുനർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇടപെട്ടതിന്റെ രേഖ പുറത്ത്. നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി അയച്ച കത്ത് പുറത്തു വന്നു.
നിയമനത്തിന് ശുപാർശ ചെയ്ത് ഗവർണർക്ക് മന്ത്രി അയച്ച കത്താണ് പുറത്തു വന്നിരിക്കുന്നത്. വി സി നിയമനത്തിന് ഇറക്കിയ അപേക്ഷ പിൻവലിക്കാൻ ആവശ്യപ്പെട്ടതും മന്ത്രിയാണ്. സേർച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശുപാർശ ചെയ്തെന്ന വിവരമാണ് പുറത്തു വരുന്നത്. വിരമിച്ച ദിവസം കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രന് തന്നെ നിയമനം നൽകാൻ ആര് ഗവർണ്ണർക്ക് ശുപാർശ നൽകി എന്നതിൽ സർക്കാർ ഉരുണ്ടുകളി തുടരവെയാണ് പുതിയ തെളിവ് പുറത്തു വന്നിരിക്കുന്നത്.
സർക്കാർ നിലപാട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അറിയിക്കുന്നതിന് പകരം മന്ത്രി തന്നെ വിസി നിയമനത്തിന് കത്ത് നൽകി എന്ന പ്രതിപക്ഷ ആക്ഷേപം സാധൂകരിക്കുന്നതാണ് പുറത്തു വരുന്ന വിവരങ്ങൾ. വിസിയെ നിയമിക്കാനുള്ള ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ സമ്മർദ്ദം സത്യപ്രതിജ്ഞാ ലംഘനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
Discussion about this post