തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ കേരളത്തിന് വീഴ്ച പറ്റിയെന്ന് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. സംസ്ഥാനത്തെ കോവിഡ് കേസുകൾ വർധിക്കുന്നതും മരണനിരക്ക് കൂടുന്നതും പഠിക്കാനെത്തിയ കേന്ദ്ര സംഘം പരിശോധന തുടരുകയാണ്. ഡോ.പി.അരവിന്ദൻ, ഡോ.രുചി ജയിൻ, ഡോ.പ്രണയ് വർമ എന്നിവരാണ് ഇന്നലെ കേരളത്തിലെത്തിയത്.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സംഘം പരിശോധന നടത്തി. ടെസ്റ്റിങ്, കോൺട്രാക്റ്റ് ട്രേസിങ്, കണ്ടൈൻമെന്റ് പ്രവർത്തനങ്ങൾ, കിടക്കകളുടെ ലഭ്യത, വാക്സിനേഷൻ വിതരണം തുടങ്ങിയ കാര്യങ്ങളാണ് സംഘം പരിശോധിക്കുന്നത്. ഒരാഴ്ച കേരളത്തിൽ തുടരുന്ന സംഘം എല്ലാ ദിവസവും ആരോഗ്യമന്ത്രാലയത്തിനു റിപ്പോർട്ട് നൽകും. ശരാശരി 3000 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇപ്പോഴും പ്രതിദിനം റിപ്പോർട്ടു ചെയ്യുന്നത്.
കൊവിഡ് കേസുകളുടെ എണ്ണം കുറച്ചു കൊണ്ടുവരാൻ സംസ്ഥാനത്തിനു കഴിഞ്ഞിട്ടില്ലെന്നാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ. രോഗം ബാധിക്കുന്നവരെ നീരീക്ഷണത്തിൽ വയ്ക്കുന്നതിലും സമ്പർക്ക പട്ടിക തയാറാക്കുന്നതിലും വീഴ്ച വന്നതായും കേന്ദ്ര സംഘം നിരീകഷിച്ചു. ഇതുവരെ 43,170 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
Discussion about this post