വാഷിംഗ്ടൺ: വരാനിരിക്കുന്നത് കൊടിയ രോഗബാധയുടെയും മരണത്തിന്റെയും ശൈത്യകാലമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വാക്സിനേഷൻ മാത്രമാണ് ഈ സ്ഥിതിവിശേഷത്തെ ചെറുക്കാനുള്ള ഒരേയൊരു മാർഗമെന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബൈഡന്റെ മുന്നറിയിപ്പ്.
കൊവിഡ് വ്യാപനം നിമിത്തം അമേരിക്ക കൂടുതൽ ആശങ്കയിലേക്ക് നീങ്ങുകയാണ്. നിലവിൽ പ്രതിദിനം 117000 പേർക്ക് വരെ രോഗം ബാധിക്കുന്നു. രണ്ടാഴ്ചയ്ക്ക് മുൻപ് ഇത് 86,000 മാത്രമായിരുന്നു. വർദ്ധനവ് 35 ശതമാനമാണെന്നും ബൈഡൻ പറയുന്നു.
വാക്സിൻ സ്വീകരിക്കാത്തവർ എത്രയും വേഗം അത് സ്വീകരിക്കാനും വാക്സിൻ സ്വീകരിച്ചവർ ബൂസ്റ്റർ ഡോസുകൾ എടുക്കാനും ബൈഡൻ അഭ്യർത്ഥിച്ചു. അമേരിക്കയിൽ പ്രതിദിനം 1,150 പേർ വരെ കൊവിഡ് ബാധിച്ച് മരിക്കുന്നുണ്ട്. നേരത്തെ, ഒമിക്രോൺ വ്യാപനത്തെ ഭയക്കേണ്ടതില്ലെന്നായിരുന്നു ബൈഡന്റെ നിലപാട്.











