ആലപ്പുഴ: അഭിഭാഷകൻ കൂടിയായ ബിജെപി ഒബിസി മോർച്ച സംസ്ഥാന നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ ബാറിലെ അഭിഭാഷകർ കോടതി നടപടികളിൽ നിന്ന് വിട്ട് നിൽക്കുന്നു. കേസിലെ പ്രതികളുടെ വക്കാലത്ത് എടുക്കില്ലെന്നും അസോസിയേഷൻ എക്സിക്യൂട്ടീവ് അറിയിച്ചു. അതേസമയം ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാകളക്ടർ വിളിച്ചുചേർത്ത സര്‍വ്വകക്ഷി യോഗം നാളത്തേക്ക് മാറ്റി. വൈകിട്ട് നാല് മണിക്ക് യോഗം ചേരും. കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് ബിജെപി യോഗം ബഹിഷ്ക്കരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.
അതിനിടെ നിരോധനാജ്ഞക്ക് പുല്ലുവില കൽപ്പിച്ച് ആലപ്പുഴയിൽ അക്രമികളുടെ അഴിഞ്ഞാട്ടം തുടരുന്നു. ആലപ്പുഴ ആര്യാട് ഇന്നും ഒരാൾക്ക് വെട്ടേറ്റു. വിമൽ എന്നയാൾക്കാണ് വെട്ടേറ്റത്. ബിനു എന്നയാളാണ് വെട്ടിയത്. വിമലിന്റെ തലയ്ക്കും കാലിനുമാണ് വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ വിമലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post