കൊച്ചി: മൊബൈൽ മോഷണം ആരോപിച്ച് എട്ട് വയസ്സുകാരിയെ പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ കുട്ടിക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നഷ്ടപരിഹാരം നൽകണമെന്ന കോടതിയുടെ നിർദ്ദേശം സംസ്ഥാന സർക്കാർ തള്ളി. നമ്പി നാരായണന്റെ കേസ് പോലെ പരിഗണിക്കണമെന്നും, എത്ര നഷ്ടപരിഹാരം നൽകാനാകുമെന്ന് അറിയിക്കണമെന്നും കേസ് അവസാനം പരിഗണിച്ച ദിവസം കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.
പൊലീസ് പെൺകുട്ടിയുടെ മൗലിക അവകാശങ്ങൾ ഒന്നും ലംഘിച്ചില്ലെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചിരിക്കുന്നത്. കുട്ടിയുടെ മൗലിക അവകാശ ലംഘനം ഈ കേസിൽ ഉണ്ടായിട്ടില്ല, പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി എടുത്തിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥ ചെയ്ത തെറ്റിന് എടുക്കാൻ കഴിയാവുന്ന പരമാവധി ശിക്ഷ നൽകിയിട്ടുണ്ട്. ഇനിയൊരു നടപടിയും ഉദ്യോഗസ്ഥയ്‌ക്കെതിരെ എടുക്കാനാകില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് നിലവിൽ കേസ് പരിഗണിക്കുകയാണ്.
Discussion about this post