മൊഹാലി: ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് സ്പിന്നർ ഹർഭജൻ സിംഗ്. പ്രൊഫഷണല്‍ ക്രിക്കറ്റില്‍ 23 വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് 41-കാരനായ ഹര്‍ഭജന്‍ ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 28 ട്വന്റി-20 മത്സരങ്ങളും ഹർഭജൻ കളിച്ചിട്ടുണ്ട്.
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓഫ് സ്പിന്നര്‍മാരില്‍ ഒരാളായ താരം 2011 ഏകദിന ലോകകപ്പും 2007 ട്വന്റി-20 ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. 2001 മാര്‍ച്ചില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനം ക്രിക്കറ്റ് ആരാധകർക്ക് അവിസ്മരണീയമായ ഓർമ്മയാണ്. അന്ന് മൂന്നു ടെസ്റ്റുകളില്‍ നിന്ന് ഹർഭജൻ 32 വിക്കറ്റുകള്‍ വീഴ്ത്തി. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ആദ്യ ഹാട്രിക് എന്ന ചരിത്രനേട്ടവും ഹര്‍ഭജന്‍ സ്വന്തമാക്കി. അപരാജിത ടെസ്റ്റ് പരമ്പര വിജയത്തിന്റെ പെരുമയുമായി വന്ന ഓസീസ് സംഘത്തെ കെട്ട് കെട്ടിക്കുന്നതിൽ ഹർഭജന്റെ പ്രകടനം നിർണായകമായി.
1998-ല്‍ ഷാര്‍ജയില്‍ നടന്ന ന്യൂസീലന്‍ഡിനെതിരായ ഏകദിനത്തിലാണ് ഹർഭജൻ ഇന്ത്യക്ക് വേണ്ടി അരങ്ങേറിയത്. 2016-ല്‍ ധാക്കയില്‍ നടന്ന യു.എ. ഇയ്‌ക്കെതിരായ ട്വന്റി-20 മത്സരമായിരുന്നു അന്താരാഷ്ട്ര കരിയറിൽ അവസാനത്തേത്. 163 മത്സരങ്ങളില്‍ നിന്ന് 150 വിക്കറ്റുകള്‍ ഐപിഎല്ലില്‍ വീഴ്ത്തിയിട്ടുണ്ട്. ഐപിഎല്ലിലെ ചില മത്സരങ്ങളിൽ ബാറ്റ് കൊണ്ടും തിളങ്ങി. പഞ്ചാബ്, മുംബൈ, ചെന്നൈ, കൊൽക്കത്ത ടീമുകൾക്ക് വേണ്ടി ഭാജി ഐപിഎൽ കളിച്ചിട്ടുണ്ട്.
എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ടാകും. ജീവിതത്തില്‍ എനിക്ക് എല്ലാം നേടിത്തന്ന ക്രിക്കറ്റിനോട് ഞാന്‍ വിട പറയുകയാണ്. 23 വര്‍ഷത്തെ കരിയര്‍ മനോഹരവും അവിസ്മരണീയവുമാക്കിയ എല്ലവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു. ഇതായിരുന്നു വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ട് ടർബണേറ്റർ ചെയ്ത ട്വീറ്റ്.
Discussion about this post