ഡൽഹി: പഞ്ചാബിലെ ലുധിയാന കോടതിയിൽ നടന്ന സ്ഫോടനത്തിന് പിന്നിൽ പാകിസ്ഥാൻ പിന്തുണയുള്ള ഇന്ത്യൻ ഭീകരനെന്ന് റിപ്പോർട്ട്. ജർമനിയിലെ ഖാലിസ്ഥാൻ അനുകൂലിയായ ഭീകരന്റെ സഹായത്തോടെയാണ് ഇയാൾ കൃത്യം ആസൂത്രണം ചെയ്തതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
പഞ്ചാബിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ് ഭീകരരുടെ ലക്ഷ്യം. ഇതിനായി റിൻഡ സന്ധു എന്നറിയപ്പെടുന്ന ഹർവിന്ദർ സിംഗ് സന്ധു, ജർമ്മനിയിൽ പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ഭീകരനായ ജസ്വീന്ദർ സിംഗ് മുൾട്ടാനി എന്നിവർ ഐ എസ് ഐ പിന്തുണയോടെ നടത്തിയ സ്ഫോടനമാണ് ഇതെന്നാണ് റിപ്പോർട്ട്.
അന്താരാഷ്ട്ര തലത്തിൽ അന്വേഷിക്കപ്പെടുന്ന ഭീകരനാണ് സന്ധു. ഇയാൾ രൂപമാറ്റം വരുത്തി, ഇന്ത്യൻ പാസ്പോർട്ടിൽ പാകിസ്ഥാനിൽ കഴിയുകയാണ്. ലാഹോർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ സംഘടനയായ ബബ്ബർ ഖൽസ തലവൻ വാധവ സിംഗുമായി ഇയാൾക്ക് അടുത്ത ബന്ധമാണുള്ളത്.
അതിർത്തി വഴിയുള്ള ആയുധ- മയക്കുമരുന്ന് കടത്തിൽ സജീവമായി പങ്കെടുക്കുന്ന സന്ധു, പഞ്ചാബിലെ ടാൻ ടരാനിൽ നിന്നും മഹാരാഷ്ട്രയിൽ കുടിയേറിയ ഭീകരനാണ്. മഹാരാഷ്ട്രയിലും പഞ്ചാബിലും ചണ്ഡീഗഢിലും ഹരിയാനയിലും പശ്ചിമ ബംഗാളിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.
ടാൻ ടരാനിൽ വ്യക്തി വൈരാഗ്യത്തെ തുടർന്ന് 2008ൽ സന്ധു ഒരാളെ കൊലപ്പെടുത്തിയിരുന്നു. തുടർന്ന് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇയാൾ പഞ്ചാബിലെ വിവിധ ജയിലുകളിൽ തടവിൽ കഴിഞ്ഞിരുന്നു. 2014 ഒക്ടോബറിൽ നാഭാ ജയിലിൽ നിന്നും ഇയാൾ ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു.
സഹോദരന്റെ കൊലപാതകത്തിന് പ്രതികാരമായി 2016ൽ സന്ധു ഗുർദാസ്പുരിലെ ഒരു ഗുരുദ്വാര ജീവനക്കാരനെ കൊലപ്പെടുത്തി ശരീരം കനാലിൽ തള്ളിയിരുന്നു. ഇതേ വിഷയവുമായി ബന്ധപ്പെട്ട് നാന്ദദിലും വസീറാബാദിലും ഇയാൾ രണ്ട് പേരെക്കൂടി കൊലപ്പെടുത്തിയിരുന്നു.
തുടർന്ന് നാട് വിട്ട ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. നിരവധി ആയുധ ഇടപാടുകൾ, തട്ടിക്കൊണ്ട് പോകൽ, 7 കൊള്ളകൾ, 6 കൊലപാതക ശ്രമങ്ങൾ, 10 കൊലപാതകങ്ങൾ എന്നിവ ഉൾപ്പെടെ 30 ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.
2017ൽ പശ്ചിമ ബംഗാളിലെ ഒരു ഹോട്ടലിൽ നടന്ന റെയ്ഫിൽ നിന്നും സന്ധു തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. എന്നാൽ ഇയാളുടെ ഭാര്യ ഹർപീത് കൗറിനെയും മറ്റ് രണ്ട് പേരെയും അന്ന് പൊലീസ് പിടികൂടിയിരുന്നു.
2018ൽ പഞ്ചാബി ഗായകൻ പർമീഷ് വർമയെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പിടിയിലായ ബാബ എന്നറിയപ്പെടുന്ന ദില്പ്രീത് സിംഗ് ധാഹനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് സന്ധു പാകിസ്ഥാനിലുണ്ടെന്നും ബബ്ബർ ഖൽസയുമായി സജീവ ബന്ധം പുലർത്തുന്നുണ്ടെന്നും വ്യക്തമായത്.
പിടികിട്ടാപ്പുള്ളിയായിരിക്കെ 2021 ജൂൺ 24ന് സന്ധു ഓൺലൈൻ മാധ്യമമായ പ്രോ പഞ്ചാബിൽ അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
Discussion about this post