തിരുവനന്തപുരം: കേരള സർക്കാരിന്റെ ഏറ്റവും വലിയ നികുതിദായകരായ മദ്യപർ പ്രതിദിനം സംസ്ഥാന സർക്കാരിന് നൽകുന്നത് 25.53 കോടിയുടെ നികുതിയെന്ന് വിവരാവാകശ രേഖയെ അടിസ്ഥാനപ്പെടുത്തി സ്വകാര്യ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മദ്യപർ പ്രതിമാസം സർക്കാരിലേക്ക് നികുതിയായി 766 കോടി രൂപയാണ് നൽകുന്നത്. 2018-19-ലും 2019-20-ലുമാണ് മദ്യവിൽപ്പനയിലുടെ സർക്കാരിന് ഏറെ നികുതിവരുമാനം ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
2016-17-ലും 2017-18-ലും യഥാക്രമം 85.93 കോടി രൂപയും 100.54 കോടി രൂപയും ബെവ്‌കോ ലാഭം ഉണ്ടാക്കി. മദ്യവിൽപ്പനയിലൂടെ ബെവ്‌കോ ഉണ്ടാക്കുന്ന ലാഭത്തിന് പുറമേയാണ് ഈ നികുതി. അപ്പീൽ നൽകിയശേഷമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ ടാക്സ് കമ്മിഷണറേറ്റ് തയ്യാറായതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭീമമായ നികുതിയാണ് സർക്കാർ മദ്യപരിൽ നിന്നും പിഴിഞ്ഞെടുക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന വൈനിന് 37 ശതമാനവും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന വൈൻ ഒഴികെയുള്ള മദ്യത്തിന് 115 ശതമാനവുമാണ് നികുതി. ഇന്ത്യൻ നിർമ്മിത ബിയറിന് 112 ശതമാനവും ഇന്ത്യൻ നിർമ്മിത വൈനിന് 82 ശതമാനവും ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 237 മുതൽ 247 ശതമാനം വരെയുമാണ് സർക്കാർ നികുതിയായി ഈടാക്കുന്നത്.
Discussion about this post