കൊച്ചി: പറവൂർ കൊലക്കേസിൽ മൂത്ത സഹോദരി വിസ്മയയെ (25) കുത്തി വീഴ്ത്തി ജീവനോടെ കത്തിച്ചതാണെന്ന് അനുജത്തി ജിത്തുവിന്റെ (22) മൊഴി. കത്തി വീശി വീഴ്ത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ശരീരത്തിൽ തീ പടർന്നതോടെ ജിത്തുവിനെ ചേർത്തുപിടിക്കാൻ വിസ്മയ ശ്രമിച്ചെന്നും സമീപത്തുണ്ടായിരുന്ന മേശയുടെ കാൽ ഉപയോഗിച്ച് ജിത്തു പ്രതിരോധിച്ചെന്നും പൊലീസ് പറഞ്ഞു.
അറസ്റ്റിലായ ജിത്തുവിനെ പൊലീസ് പെരുവാരത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സഹോദരിയോട് വീട്ടുകാർക്കുള്ള സ്നേഹക്കൂടുതലാണ് വഴക്കിൽ കലാശിച്ചതെന്നും കൊലപാതകത്തിലേക്ക് എത്തിയതെന്നുമാണ് ജിത്തുവിന്റെ മൊഴി. രക്തക്കറ പുരണ്ട വസ്ത്രം പൊലീസ് വീട്ടിൽനിന്ന് കണ്ടെടുത്തു. ആക്രമണം നടത്തിയ സമയത്ത് ധരിച്ചിരുന്ന വസ്ത്രം മാറിയിട്ടാണ് ജിത്തു വീടുവിട്ടത്.
ജിത്തുവിനെ വൈദ്യപരിശോധനയ്ക്കു ശേഷം വൈകിട്ടോടെ പറവൂർ കോടതിയിൽ ഹാജരാക്കും. ഇന്നലെ കാക്കനാട്ടെ ‘തെരുവു വെളിച്ചം’ അനാഥാലയത്തിൽ നിന്നാണു ജിത്തുവിനെ പിടികൂടിയത്.
മാതാപിതാക്കൾ ആലുവയിൽ ഡോക്ടറെ കാണാൻ പോയ സമയത്തായിരുന്നു കൊലപാതകം. മാനസിക പ്രശ്നങ്ങൾ ഉള്ളതിനാൽ ജിത്തുവിന്റെ കൈകൾ ബന്ധിച്ച ശേഷമാണ് ഇവർ പോയത്. എന്നാൽ, ഇടയ്ക്കു ജിത്തു നിർബന്ധിച്ചു സഹോദരിയെക്കൊണ്ടു കെട്ട് അഴിപ്പിക്കുകയായിരുന്നു. ജിത്തുവിന്റെ പ്രണയം ചേച്ചി ഇടപെട്ടു തകർത്തതു സംബന്ധിച്ച് ഇവർ തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്.
Discussion about this post