ആലപ്പുഴ: സേന രൂപീകരിക്കപ്പെട്ട കാലം മുതൽ കേരള പൊലീസ് ജനങ്ങളോട് പുലർത്തുന്ന ജന്മി- കുടിയാൻ സമ്പ്രദായം തുറന്ന് പറയാൻ ധൈര്യപ്പെട്ട് നിരവധി കേസുകളിൽ പ്രതികളായവർ. നൂറനാട് സഹോദരങ്ങളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച സംഭവത്തിൽ പൊലീസിനെ ന്യായീകരിക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാർ. പൊലീസ് ഭീഷണിപ്പെടുത്തിയതിനാലാണ് തങ്ങൾക്ക് പൊലീസിൽ നിന്നും മർദ്ദനമേറ്റ വിവരം മജിസ്ട്രേറ്റിനെ അറിയിക്കാതിരുന്നതെന്ന് പരാതിക്കാർ വെളിപ്പെടുത്തി.
‘മർദ്ദിച്ചെന്ന് കോടതിയിൽ പറഞ്ഞാൽ കൂടുതൽ കേസുകളിൽപ്പെടുത്തുമെന്ന് എസ്ഐ ഭീഷണിപ്പെടുത്തി. അങ്ങനെയുണ്ടായാൽ ജയിലിൽ തങ്ങളുടെ ആളുകൾ ‘സൽക്കരിക്കു’മെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാർ സ്വകാര്യ മാധ്യമത്തോട് പറഞ്ഞു. പേടി കാരണമാണ് മർദ്ദനത്തെക്കുറിച്ച് മജിസ്ട്രേറ്റിനോട് പരാതി പറയാതിരുന്നത്. ദൃശ്യങ്ങളുടെ ആധികാരികത കോടതിയെ ബോധ്യപ്പെടുത്തും. പൊലീസ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഹൈക്കോടതിയിൽ ഹാജരാക്കും. പൊലീസിന് വീഡിയോയുടേയും ഓഡിയോയുടേയും കോപ്പി തെളിവായി കൈമാറിയിരുന്നുവെന്നും പരാതിക്കാർ പറഞ്ഞു.
ആലപ്പുഴ നൂറനാട് സഹോദരങ്ങളെ പൊലീസ് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച സംഭവത്തിൽ നൂറനാട് എസ് ഐയെയും സംഘത്തെയും ന്യായീകരിക്കുന്ന റിപ്പോർട്ടാണ് അന്വേഷണം നടത്തിയ നർക്കോട്ടിക് ഡിവൈഎസ്പി ആലപ്പുഴ എസ്പിക്ക് നൽകിയത്. പൊലീസിന് വീഴ്ച പറ്റിയിട്ടില്ല. സ്റ്റേഷനിൽ വെച്ച് മർദിച്ചുവെന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ പരാതിക്കാർ പറഞ്ഞില്ല. പരാതിക്കാരുടെ കയ്യിലുള്ള മൊബൈൽ ഫോൺ ദൃശ്യങ്ങളുടെ ആധികാരികതയിൽ സംശയമുണ്ട് എന്നിങ്ങനെയാണ് അന്വേഷിച്ച ഉദ്യോഗസ്ഥൻ റിപ്പോർട്ടിൽ പരാമർശിക്കുന്നത്. അന്വേഷണ റിപ്പോർട്ട് അടുത്ത ദിവസം ഹൈക്കോടതിയിൽ നൽകാനിരിക്കുകയാണ്.
കേസിന്റെ കാര്യം സംസാരിക്കാൻ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച തങ്ങളെ എസ്ഐയെ കള്ളക്കകേസിൽ കുടുക്കി ജയിലിലടച്ചുവെന്നാണ് സഹോദരങ്ങളുടെ പരാതി. നൂറനാട് എസ്ഐ വിആർ അരുൺ അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് ഇവർ പരാതി നൽകിയിരിക്കുന്നത്. കള്ളകേസിൽ കുടുക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ഗൂഡാലോചന നടത്തുന്നതിന്‍റെയും പൊലീസ് മർദ്ദനത്തിന്‍റെയും ദൃശ്യങ്ങളും ശബ്ദരേഖയും പരാതിക്കാർ കോടതിയിൽ ഹാജരാക്കി.
Discussion about this post