തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. രോഗബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവ് പ്രകടമായി തുടങ്ങിയതോടെ ആശങ്കയും ഉയരുകയാണ്. പ്രതിദിന കൊവിഡ് കേസുകളിൽ 45 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച്ചയെ അപേക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 5 ശതമാനം കൂടി. ജനുവരി 1ന് 2435 ഉണ്ടായിരുന്ന പ്രതിദിന കേസുകൾ ഇന്നലെ ഇരട്ടിയിലധികമായി. 5296 ലേക്കെത്തി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം ഒന്നാം തീയതിയിലെ 169-ൽ നിന്ന് ഇന്നലെ 240 ആയി ഉയർന്നു. ഒന്നാം തിയതി 18,904 പേർ ചികിത്സയിലുണ്ടായിരുന്നത് ഇന്നലെ 27,895 ആയി.
കഴിഞ്ഞയാഴ്ച ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടത് 1.9 ശതമാനം പേർ ആയിരുന്നു. ഇത് ഈയാഴ്ച്ചയിൽ 2.1 ശതമാനം ആയി. വെന്റിലേറ്ററിലും ഐസിയുവിലും ഉള്ള രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്.
സംസ്ഥാനത്ത് നിലവിൽ 418 രോഗികൾ ഐസിയുവിലും 145 രോഗികൾ വെന്റിലേറ്ററിലും ചികിത്സയിലുണ്ടെന്നാണ് വിവരം.
Discussion about this post