ലോകത്താകമാനം നാശം വിതച്ച് കൊവിഡ് വകഭേദങ്ങളായ ഡെൽറ്റയും ഒമിക്രോണും പടരുമ്പോൾ ഇവ കൂടിച്ചേർന്ന് ഉണ്ടായ അത്യന്തം അപകടകാരിയായ പുതിയ വൈറസ് രൂപാന്തരം ശനിയാഴ്ച സൈപ്രസിൽ റിപ്പോർട്ട് ചെയ്തു. ശാസ്ത്രീയ നാമകരണം നടന്നിട്ടില്ലെങ്കിലും താത്കാലികമായി ഡെൽറ്റാക്രോൺ എന്നാണ് ഈ കൊവിഡ് വകഭേദം അറിയപ്പെടുന്നത്. ഡെൽറ്റാ ജീനോമുകൾക്കുള്ളിൽ ഒമിക്രോണിന് സമാനമായ ജനിതക സവിശേഷതകളാണ് ഇവയ്ക്കുള്ളത്.
സൈപ്രസ് സർവകലാശാലയിലെ ഗവേഷകരാണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയത്. നിലവിൽ ഡെൽറ്റാക്രോണിന്റെ 25 സാമ്പിളുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 11 പേർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗികളും 14 പേർ ലക്ഷണങ്ങളില്ലാത്ത കൊറോണ വാഹകരും ആയിരുന്നു.
കൊവിഡ് വകഭേദങ്ങളെ വർഗ്ഗീകരിക്കുന്ന ഗവേഷകർക്ക് പഠനങ്ങൾ നടത്തുന്നതിന് വേണ്ടി ഡെൽറ്റാക്രോണിന്റെ സാമ്പിളുകൾ ജർമ്മനിയിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ വ്യാപനശേഷിയെക്കുറിച്ചോ മരണ നിരക്കിനെ കുറിച്ചോ ഇപ്പോൾ പറയാനാകില്ലെന്ന് ഗവേഷകർ പറയുന്നു. കൂടുതൽ പഠനങ്ങൾക്കും വിശകലനങ്ങൾക്കും ശേഷമേ വ്യക്തമായ വിവരങ്ങൾ ലഭ്യമാകൂവെന്നും ഇവർ അറിയിക്കുന്നു.
Discussion about this post