തിരുവനന്തപുരം: അമേരിക്കൻ- ദുബായ് സന്ദർശന വേളയിൽ പാന്റ്സ് ധരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വീഡിയോ വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചതിന് സെക്രട്ടറിയേറ്റ് ജീവനക്കാരന് സസ്പെൻഷൻ. സെക്രട്ടറിയേറ്റ് ഓഫീസ് അസിസ്റ്റന്റ് മണിക്കുട്ടനെതിരെയാണ് നടപടി. വീഡിയോ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതാണ് എന്ന് കാട്ടിയാണ് നടപടിയെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
വീഡിയോ പ്രചരിപ്പിച്ചതിന് ജീവനക്കാരനെതിരെ നടപടി എടുത്ത സംഭവം വിവാദമാകുകയാണ്. മുഖ്യമന്ത്രി പാന്റ്സ് ധരിച്ചതു കൊണ്ടല്ലേ അയാൾ വീഡിയോ പ്രചരിപ്പിച്ചത് എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഒരു വിഭാഗം ചോദിക്കുന്നത്. ഒരാൾ പാന്റിട്ട് നടക്കുന്നത് അയാൾക്ക് അപകീർത്തിയല്ലെങ്കിൽ പിന്നെ അതിന്റെ വീഡിയോ പ്രചരിപ്പിക്കുന്നത് എങ്ങനെയാണ് അപകീർത്തികരമാകുന്നത് എന്നാണ് ഇവർ ചോദിക്കുന്നത്.
അതേസമയം സ്വതവേ മുണ്ട് ധരിക്കുന്ന മുഖ്യമന്ത്രി വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന അവസരത്തിൽ പാന്റ്സ് ധരിക്കുന്നത് ട്രോളന്മാർ ആഘോഷമാക്കാറുണ്ട്. മേലേപ്പറമ്പിൽ ആൺവീട് എന്ന ചിത്രത്തിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച ഒരു കോമഡി രംഗം എഡിറ്റ് ചെയ്തു ചേർത്ത് നിർമ്മിച്ച ട്രോളിന് വൻ പ്രചാരം ലഭിച്ചിരുന്നു.
Discussion about this post