കോഴിക്കോട്: പഴയ സഹപാഠിയുടെ വീട്ടിൽ അതിഥിയായെത്തി 6 പവൻ മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ. നടുപ്പൊയിൽ കളത്തിൽ ബുഷ്റ (40) ആണ് അറസ്റ്റിലായത്. തളീക്കര കാഞ്ഞിരോളിയിലെ തട്ടാർകണ്ടി ഷമീനയുടെ ആഭരണങ്ങളാണ് മോഷണം പോയത്.
കുറ്റ്യാടി ഗവ. ഹൈസ്കൂളിൽ ഇരുവരും സഹപാഠികളായിരുന്നു. ക്ലാസിന്‍റെ വാട്സാപ് ഗ്രൂപ്പിൽ ഇരുവരും ചാറ്റ് ചെയ്യാറുണ്ട്. ഈ പരിചയത്തിലാണ് ബുഷ്റ ഷമീനയുടെ വീട്ടിൽ കഴിഞ്ഞ ദിവസം ഓട്ടോയിൽ എത്തിയത്.
ഷമീന അടുക്കളയിൽ ചായയുണ്ടാക്കുന്ന സമയം ബുഷ്റ അലമാരിയിൽ സൂക്ഷിച്ച അഞ്ചര പവന്റെ മാലയും അര പവൻ മോതിരവും മോഷ്ടിക്കുകയായിരുന്നു. ആഭരണം നഷ്ടപ്പെട്ട വിവരം രാത്രിയാണ് ഷമീന അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയെയും ഡ്രൈവറെയും ചോദ്യം ചെയ്തെങ്കിലും നിഷേധിച്ചു. എന്നാൽ തിരിച്ചു പോകുമ്പോൾ തളീക്കര ഭാഗത്ത് യുവതി എന്തോ പുറത്തേക്ക് എറിഞ്ഞതായി ഡ്രൈവർ മൊഴി നൽകി. ആഭണം സൂക്ഷിച്ച കവറും പെട്ടിയുമായിരുന്നു അതെന്ന് തിരച്ചിലിൽ കണ്ടെത്തി. തുടർന്ന് ബുഷ്റ കുറ്റം സമ്മതിക്കുകയായിരുന്നു. ആഭരണങ്ങൾ കുറ്റ്യാടിയിലെ ഒരു ബാങ്കിൽ പണയം വെച്ചിരിക്കുകയാണെന്നും പിന്നീട് കണ്ടെത്തി.
Discussion about this post