ഹൈദരാബാദ്: ആരോടും വിദ്വേഷം പുലർത്താത്തവരാണ് ഹിന്ദുക്കൾ. അങ്ങനെയുള്ള ഹിന്ദുവിനെതിരെ നിലകൊള്ളാൻ ആർക്കും സാധ്യമല്ലെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു. ഹൈദരാബാദിൽ ശ്രീ രാമാനുജാചാര്യരുടെ ജന്മസഹസ്രാബ്ദി ആഘോഷ വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവർ നമ്മളെ നശിപ്പിക്കാൻ ശ്രമിച്ചു, പക്ഷേ സാധിച്ചില്ല. നമ്മൾ നശിക്കണമായിരുന്നു എങ്കിൽ കഴിഞ്ഞ ആയിരം വർഷങ്ങൾക്കുള്ളിൽ അത് സംഭവിക്കണമായിരുന്നു. നമ്മുടെ അയ്യായിരം വർഷം പഴക്കമുള്ള സനാതന ധർമ്മം ഇപ്പോഴും സുഭദ്രമാണ്. അദ്ദേഹം പറഞ്ഞു.
ഹിന്ദുവിനെ നശിപ്പിക്കാൻ സഹസ്രാബ്ദങ്ങളായി ശ്രമിച്ചവർ ഇന്ന് ഈ ലോകത്തിൽ നിലനിൽപ്പിന് വേണ്ടി പരസ്പരം പോരടിക്കുകയാണ്. നമ്മൾ പിടിച്ചു നിന്നു, നൂറ്റാണ്ടുകളെ അതിജീവിച്ചു. നമ്മുടെ സ്വത്വം മറന്നവർ മാത്രമാണ് നമുക്കിടയിൽ വിനാശം ഏറ്റുവാങ്ങിയതെന്നും മോഹൻ ഭാഗവത് പറഞ്ഞു.
ഇന്നും ഒരു പോറൽ പോലുമേൽക്കാതെ ഭാരതത്തിന്റെ സനാതന ധാർമ്മിക ജീവിതം സ്ഥായിയായി നിലനിൽക്കുന്നു. പലവിധ അതിക്രമങ്ങളെ തരണം ചെയ്തും നാം നമ്മുടെ മാതൃഭൂമിയെ സംരക്ഷിച്ച് പോരുന്നു. നമുക്ക് ധാരാളം സ്രോതസ്സുകളുണ്ട്, പിന്നെ നാം ആരെ ഭയക്കണം? മോഹൻ ഭാഗവത് ചോദിച്ചു.
നമ്മുടെ പാരമ്പര്യ രീതികൾ സ്ഥായിയാണ്. നാം രാഷ്ട്രത്തിന്റെ താത്പര്യത്തിന് മൂല്യം കൽപ്പിക്കുന്നവരാണ്. നാമിവിടെ അഭിമാനത്തോടെ പുലരുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് വിപ്ലവത്തിന് ശേഷമാണ് ലോകം സമത്വം എന്ന ആശയത്തെ കുറിച്ച് ചർച്ച ചെയ്യാൻ ആരംഭിച്ചത്. എന്നാൽ നൂറ്റാണ്ടുകൾക്ക് മുൻപേ സമത പുലർന്നിരുന്ന പുണ്യഭൂമിയായിരുന്നു ഭാരതം. മോഹൻ ഭാഗവത് വ്യക്തമാക്കി.
Discussion about this post