ലഖ്നൗ: ഇന്ത്യയിൽ ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത് പുതിയ ഇന്ത്യയാണ്. ലോകത്തിലെ ഏറ്റവും ജനപ്രിയ ഭരണാധികാരിയായ നരേന്ദ്ര മോദി ഭരിക്കുന്ന ഇന്ത്യ. ഈ ഇന്ത്യയിൽ വികസനത്തിന്റെ ഫലം എല്ലാവർക്കും ലഭ്യമാകും. എന്നാൽ ഇവിടെ പ്രീണനത്തിന് സ്ഥാനമില്ലെന്ന് യോഗി പറഞ്ഞു.
ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത് ഭരണഘടനയാണ്, ശരീഅത്തല്ല. വ്യക്തിപരമായ അവകാശം രാജ്യത്തിന് മേൽ അടിച്ചേൽപ്പിക്കാൻ ഇവിടെ സാധ്യമല്ല. സ്കൂളിൽ ഡ്രസ് കോഡ് പാലിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഇന്ന് വിദ്യാലയങ്ങളിൽ ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നവർ നാളെ പൊലീസിലും സൈന്യത്തിലും അത് വേണമെന്ന് പറയും. അത് സാധിച്ച് കൊടുക്കാൻ പറ്റുമോ എന്ന് യോഗി ചോദിച്ചു.
വ്യക്തി സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. എന്നാൽ അതിനും മുകളിലാണ് സ്ഥാപനത്തിന്റെ അവകാശം. അത് ഭരണഘടനാപരമായ അച്ചടക്കവുമായി ബന്ധപ്പെട്ട കാര്യമാണ്. ആ ഭരണഘടന അനുസരിച്ചാണ് രാജ്യം മുന്നോട്ട് പോകേണ്ടതെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ യോഗി പറഞ്ഞു.
Discussion about this post