കണ്ണൂർ തോട്ടടയിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാന പ്രതി മിഥുൻ കീഴടങ്ങി. എടക്കാട് പൊലീസ് സ്റ്റേഷനിൽ പ്രതി കീഴടങ്ങുകയായിരുന്നു.നേരത്തെ ബോംബേറിൽ ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മിഥുനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. വിവാഹ സംഘത്തിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ ഏച്ചൂർ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ട കേസിലാണ് പ്രധാനപ്രതി മിഥുൻ പിടിയിലായിരിക്കുന്നത്.
മിഥുനും അറസ്റ്റിലായ അക്ഷയും ചേർന്നാണ് മേലേ ചൊവ്വയിലെ പടക്ക നിർമാണ ശാലയിൽ നിന്ന് പടക്കം വാങ്ങുകയും ബോംബ് നിർമ്മിക്കുകയും ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ബോംബുമായെത്തി കല്യാണ പാർട്ടിക്ക് നേരെ എറിയുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ മിഥുന് വേണ്ടി പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് കേസിൻ്റെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന് മുന്നിൽ മിഥുൻ കീഴടങ്ങിയത്. കൊല്ലപ്പെട്ട ജിഷ്ണുവിന്റെ സുഹൃത്ത് കൂടിയാണ് മിഥുൻ.
മുന്ന് ബോംബുകളാണ് സംഘത്തിന്റെ കയ്യിൽ ഉണ്ടായിരുന്നത്. ആദ്യം ബോംബെറിഞ്ഞത് മിഥുനാണ്. ഈ ബോംബേറിൽ ആർക്കും കാര്യമായ പരിക്കൊന്നും ഉണ്ടായിരുന്നില്ല. രണ്ടാമത് അക്ഷയ് എറിഞ്ഞ ബോംബാണ് സംഘാങ്ങളുടെ കയ്യിൽ തട്ടി ജിഷ്ണുവിന്റെ തലയിൽ പതിച്ചത്. മറ്റൊരു ബോംബ് ജിഷ്ണുവിന്റെ കയ്യിലുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആ ബോംബ് പൊട്ടാതെ തന്നെ സ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു. പൊട്ടാത്ത ബോംബ് സ്ക്വാഡ് നിർവീര്യമാക്കിയിരുന്നു.
Discussion about this post