ഡൽഹി: അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സൈന്യം ഉപേക്ഷിച്ചു പോയ ആയുധങ്ങൾ കശ്മീരിൽ കൊല്ലപ്പെട്ട ഭീകരരുടെ കൈയ്യിൽ നിന്നും കണ്ടെത്തിയതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യക്കെതിരെ പാക് ഭീകരരും താലിബാനും കൈകോർക്കുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. താലിബാൻ പാക് ഭീകരർക്ക് ആയുധങ്ങളും പരിശീലനങ്ങളും നൽകുകയോ അല്ലെങ്കിൽ പാക് ഭീകരർക്കൊപ്പം താലിബാൻ ഭീകരരും ഇന്ത്യയിയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുകയോ ചെയ്യുന്നതിന്റെ സൂചനകളാവാം ഇവയെന്നാണ് വിലയിരുത്തൽ.
അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സൈന്യം ഉണ്ടായിരുന്നപ്പോഴത്തേതിൽ നിന്നും സ്ഥിതി ഏറെ മാറിയതായി മേജർ ജനറൽ അഭയ് ചന്ദ്പൂരിയ അഭിപ്രായപ്പെടുന്നു. സദാസമയവും കശ്മീരിലേക്ക് നുഴഞ്ഞു കയറാൻ സന്നദ്ധരായി അതിർത്തിക്കപ്പുറം അത്യാധുനിക ആയുധങ്ങളുമായി ഭീകരർ പതിയിരിക്കുകയാണ്. എന്നാൽ ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകുന്നതായും ഈ മാസം ഇതുവരെ മാത്രം അമ്പതോളം ഭീകരരെ വധിക്കാൻ ഇന്ത്യക്ക് സാധിച്ചതായും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു..
അതേസമയം കശ്മീരിലെ യുവാക്കൾ ഇന്ന് പതിവു പോലെ ഭീകരതയിലേക്ക് ആകൃഷ്ടരാകുന്നില്ല. കശ്മീരിൽ വികസന പ്രവർത്തനങ്ങൾ പൂർണ തോതിൽ എത്തിയതോടെ അവർ വിദ്യാഭ്യാസത്തിലും തൊഴിലിലും കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയിരിക്കുന്നു, ഇത് ഭാവിയിൽ കശ്മീരിനെ ശാന്തിയിലേക്ക് നയിക്കും. എന്നാൽ പാകിസ്ഥാൻ അടങ്ങിയിരിക്കുമെന്ന് തോന്നുന്നില്ല. മേഖലയിലെ സമാധാനം തകർക്കാൻ അവർ പരമാവധി ശ്രമിക്കും. അതിന്റെ ഉദാഹരണമാണ് താലിബാനുമായി കൈകോർക്കാനുള്ള അവരുടെ പുതിയ നീക്കം. എന്നാൽ ഏത് പ്രതിസന്ധിയെയും മുൻകൂട്ടി കണ്ട് സൈന്യം അതിർത്തിയിൽ സർവ്വസജ്ജരായി ജാഗ്രത തുടരുകയാണെന്ന് മേജർ ജനറൽ അഭയ് ചന്ദ്പൂരിയ വ്യക്തമാക്കുന്നു.
Discussion about this post