വയനാട്: വെള്ളമുണ്ട ഇരട്ടക്കൊലക്കേസിൽ പ്രതി വിശ്വനാഥന് വധശിക്ഷ. കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മോഷണ ശ്രമത്തിനിടെ വെള്ളമുണ്ട സ്വദേശികളായ യുവദമ്പതികളെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.
2018 ജൂലൈ ആറിനാണ് വെള്ളമുണ്ട സ്വദേശികളായ ഉമ്മർ (28), ഭാര്യ ഫാത്തിമ (20) എന്നിവർ കൊല്ലപ്പെട്ടത്. രാവിലെ എട്ടരയോടെയാണു ഇവരെ തലയ്ക്കും കഴുത്തിനും വെട്ടേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 3 മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.
ആയുധങ്ങളൊന്നും സംഭവസ്ഥലത്തുനിന്നു കണ്ടെത്താനായിരുന്നില്ല. ഫാത്തിമയുടെ ഫോണ്‍ പ്രതി കൈക്കലാക്കിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. സംഭവം നടന്ന് രണ്ടു മാസത്തിനുശേഷം വിശ്വനാഥന്‍ ഫാത്തിമയുടെ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്തപ്പോൾ പൊലീസിനു സൂചന ലഭിക്കുകയായിരുന്നു.
സെപ്റ്റംബര്‍ 18നായിരുന്നു വിശ്വനാഥൻ അറസ്റ്റിലായത്. ഫാത്തിമയുടെ സ്വര്‍ണം കുറ്റ്യാടിയിലെ കടയിൽ പ്രതി വിറ്റു. മോഷണം ചെറുക്കാൻ ശ്രമിച്ച ദമ്പതികളെ കൊലപ്പെടുത്തിയ വിശ്വനാഥൻ വീട്ടിലുണ്ടായിരുന്ന ആഭരണങ്ങൾ മോഷ്ടിച്ച്, വീട്ടിലും പരിസരത്തും മുളകുപൊടി വിതറി രക്ഷപ്പെടുകയായിരുന്നു.
Discussion about this post