ബംഗലൂരു: കർണാടകയിലെ കോളേജുകളിൽ ഹിജാബ് ധരിച്ച് പ്രവേശനാനുമതി നൽകാനാവില്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി. ഹിജാബ് ധരിച്ച് ക്ലാസിൽ ഇരിക്കാൻ അനുവദിക്കണമെന്ന് കാട്ടി ഭണ്ഡാർക്കർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസസിലെ രണ്ട് വിദ്യാർത്ഥിനികൾ സമർപ്പിച്ച ഹർജിയിലാണ് കർണാടക ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ ഫെബ്രുവരി പത്താം തീയതി ഫുൾ ബെഞ്ച് പുറപ്പെടുവിച്ച നിർദേശം ഇടക്കാല ഉത്തരവായി നിലനിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ നിലവിൽ മറ്റൊരു ഉത്തരവ് പുറപ്പെടുവിക്കാൻ തത്കാലം നിർവാഹമില്ലെന്ന് ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിന്റെ സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
ഹിജാബ് മൗലികാവകാശമാണെന്ന് കാട്ടി ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട കേസിൽ ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ ദീക്ഷിത്, ജെ എം ഖാസി എന്നിവർ ഉൾപ്പെടുന്ന വിശാല ബെഞ്ച് നേരത്തെ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേസിൽ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ കാവി ഷാളോ, ശിരോവസ്ത്രമോ, ഹിജാബോ ധരിച്ച് കുട്ടികൾ ക്ലാസിൽ ഇരിക്കാൻ പാടില്ലെന്നായിരുന്നു ഉത്തരവ്. കോളേജ് വികസന സമിതി യൂണിഫോം നിഷ്കർഷിച്ചിരിക്കുന്ന സ്ഥാപനങ്ങൾക്ക് ഈ ഉത്തരവ് ബാധകമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
തുടർന്ന് പരാതിക്കാർ സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും ഈ സാഹചര്യത്തിൽ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
Discussion about this post