ഉക്രയ്ന് മേൽ റഷ്യ യുദ്ധപ്രഖ്യാപനം നടത്തിയതോടെ ആശങ്കയുടെ നിഴലിലാണ് ലോകരാജ്യങ്ങൾ. പൗരന്മാരുടെ സംരക്ഷണത്തിന് വേണ്ടിയാണ് സൈനിക നീക്കമെന്ന് വ്ലാഡിമർ പുടിൻ വ്യക്തമാക്കുമ്പോഴും മൂന്നാം ലോക മഹായുദ്ധം ഉണ്ടായേക്കുമോ എന്ന ഭയപ്പാട് ലോകത്തെ ഗ്രസിക്കുകയാണ്. ഈ സാഹചര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ശക്തിയായ റഷ്യക്ക് മുന്നിൽ താരതമ്യത്തിന് പോലും ശേഷിയില്ലാത്തത്ര ദുർബലമാണ് ഉക്രെയ്ന്റെ സൈനിക ശേഷി.
4173 യുദ്ധവിമാനങ്ങള്‍ റഷ്യക്ക് ഉള്ളപ്പോൾ യുക്രെയ്‌നുള്ളത് വെറും 318 എണ്ണമാണ്. ആക്രമണ വിമാനങ്ങൾ റഷ്യയ്ക്ക് 772 എണ്ണമുള്ളപ്പോൾ യുക്രെയ്‌ന് 69 എണ്ണം മാത്രമാണുള്ളത്. 12,420 ടാങ്കുകളാണ് റഷ്യൻ ആക്രമണങ്ങളുടെ കുന്തമുന. അതേസമയം ഉക്രെയ്നുള്ളത് വെറും 2596 ടാങ്കുകൾ മാത്രമാണ്.
605 യുദ്ധക്കപ്പലുകള്‍ റഷ്യൻ നാവികശക്തി വിളിച്ചോതുമ്പോൾ ഉക്രെയ്നുള്ളത് 38 പോർക്കപ്പലുകൾ മാത്രമാണ്. ലോകത്തിലെ 22ആമത്തെ സൈനിക ശക്തി മാത്രമായ ഉക്രെയ്ൻ പ്രധാനമായും പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നത് അമേരിക്കൻ- നാറ്റോ പിന്തുണ പ്രതീക്ഷിച്ചാണ്.
രണ്ടര ലക്ഷത്തോളം സൈനികരെയാണ് റഷ്യ ഉക്രെയ്ൻ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്. മി28 ആക്രമണ ഹെലികോപ്റ്റര്‍, ടി90 മൂന്നാം തലമുറ ടാങ്ക്, രകുഷ്‌ക കവചിത വാഹനം, ഇസ്‌കാന്‍ഡര്‍ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ, ഉറാഗന്‍ എം റോക്കറ്റ് ലോഞ്ചര്‍ എന്നിവ റഷ്യ പോർക്കളത്തിൽ സജ്ജമാക്കിക്കഴിഞ്ഞു. മറുവശത്ത് നാറ്റോ അംഗമായ എസ്‌റ്റോണിയ വഴി നല്‍കിയ എഫ്ജിഎം-148 ജവ്‌ലിന്‍ യുഎസ് നിര്‍മിത ടാങ്ക് വേധ മിസൈലുകളെയാണ് ഉക്രെയ്ൻ ആശ്രയിക്കുന്നത്. കൂടാതെ ബ്രിട്ടന്‍, സ്വീഡന്‍ എന്നിവർ സംയുക്തമായി വികസിപ്പിച്ച എന്‍ലോ ടാങ്ക് വേധ മിസൈലുകള്‍ 200 എണ്ണവും ഉക്രെയിനിൽ എത്തിയിട്ടുണ്ട്.
സമുദ്രനിരീക്ഷണത്തിനുള്ള ബോട്ടുകള്‍, സ്‌നൈപ്പര്‍ റൈഫിള്‍സ്, നിരീക്ഷണ ഡ്രോണുകള്‍, റഡാറുകള്‍, രാത്രി കാഴ്ച സാധ്യമാക്കുന്ന ഉപകരണങ്ങൾ, റേഡിയോ സംവിധാനം തുടങ്ങിയവ അടക്കും 250 കോടി ഡോളറിന്റെ അമേരിക്കൻ സന്നാഹങ്ങളും ഉക്രെയ്നിൽ എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പോരാട്ടം കനത്താൽ, ഒരു പരിധിക്കപ്പുറം ഉക്രെയ്ൻ പിടിച്ചു നിന്നാലും ഇല്ലെങ്കിലും ലോകരാഷ്ട്രങ്ങൾ നേരിട്ട് ഇടപെടുമെന്നും ലോകം വീണ്ടും രണ്ട് ചേരിയായി പിരിയുമെന്നും മൂന്നാം ലോക മഹായുദ്ധം ഉണ്ടായില്ലെങ്കിൽ പോലും ചൈനയും ഇസ്ലാമിക ഭീകരവാദികളും സാഹചര്യം മുതലെടുക്കുമെന്നും സമാധാനകാംക്ഷികൾ ഭയപ്പെടുന്നു.
Discussion about this post