ഡൽഹി: വിദേശത്ത് എം ബി ബി എസ് പഠിക്കുന്ന 90 ശതമാനം ഇന്ത്യക്കാരും ഇന്ത്യയിലെ യോഗ്യതാ പരീക്ഷകളിൽ പരാജയപ്പെടുന്നുവെന്ന് കേന്ദ്ര പാർലമെന്ററികാര്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി. എന്നാൽ ഇന്ത്യക്കാർ എം ബി ബി എസ് പഠിക്കാൻ എന്തിനാണ് വിദേശത്ത് പോകുന്നത് എന്ന വിഷയം ചർച്ച ചെയ്യാനുള്ള സമയം ഇതല്ലെന്നും ദേശീയ മാധ്യമത്തോട് അദ്ദേഹം പറഞ്ഞു.
വിദേശത്ത് എം ബി ബി ബി എസ് പൂർത്തിയാക്കുന്ന ഇന്ത്യക്കാർ മടങ്ങി എത്തുമ്പോൾ എഫ് എം ജി ഇ പരീക്ഷ പാസാകണം എന്നത് നിർബ്ബന്ധമാണ്. എന്നാൽ ഇതിൽ മിക്കപ്പോഴും വിദേശത്ത് എം ബി ബി എസ് പാസാകുന്നവർ പരാജയപ്പെടുകയാണെന്ന് കണക്കുകൾ നിരത്തി കേന്ദ്ര മന്ത്രി വ്യക്തമാക്കി.
ഉക്രെയ്നിൽ അകപ്പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി എംബസിയിൽ കൂടുതൽ ജീവനക്കാരെ നിയമിച്ചതായി കേന്ദ്ര മന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭയിൽ ഉക്രെയ്ൻ വിഷയത്തിലെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടു നിന്ന സാഹചര്യത്തിൽ ഉക്രെയ്നിലെ ഇന്ത്യൻ വിദ്യാർത്ഥികൾ വേട്ടയാടപ്പെടുന്നു എന്ന ആരോപണത്തിന് ഇതുവരെ സ്ഥിരീകരണമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉക്രെയ്ൻ സർക്കാരുമായും റഷ്യൻ സർക്കാരുമായും കേന്ദ്ര സർക്കാർ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും മുഴുവൻ ഇന്ത്യക്കാരെയും എത്രയും വേഗം സുരക്ഷിതരായി നാട്ടിലെത്തിക്കുമെന്നും കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി.
Discussion about this post