വാഷിംഗ്ടണ്‍ ഡിസി: റഷ്യ- യുക്രെയ്ന് അധിനിവേശത്തിനിടെ, സന്തോഷിക്കുന്ന രാജ്യം ചൈനയാണെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആക്രമണ സാധ്യതയില്‍ കഴിയുന്ന അടുത്ത രാജ്യം തായ്വാന് ആയിരിക്കുമെന്നും ചൈന തായ്വാനെ ലക്ഷ്യം വച്ചിരിക്കുകയാണെന്നും ഫോക്സ് ബിസിനസിന് നല്കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
എന്തുമാത്രം വിഡ്ഢിത്തങ്ങളാണ് യു.എസ് ചെയ്യുന്നതെന്ന് ചൈന നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഷി ജിന്‍ പിങ് വളരെ ബുദ്ധിയുള്ള മനുഷ്യനാണ്. അഫ്ഗാനിസ്താനില്‍ എന്താണ് സംഭവിച്ചതെന്നും അമേരിക്ക എങ്ങനെയാണ് അവിടം വിട്ടുപോയതെന്നും ഷി ജിന്‍ പിങ് കാണുന്നുണ്ട്. അമേരിക്കന്‍ പൗരന്മാര് ഇപ്പോഴും അവിടെനിന്ന് രക്ഷപ്പെടാന്‍ പാടുപെട്ടുകൊണ്ടിരിക്കുകയാണ്. താന്‍ ആഗ്രഹിക്കുന്നത് ചെയ്യാന്‍ ഏറ്റവും പറ്റിയ അവസരമാണിതെന്നും ഷി ജിന്‍ പിങ്ങിന് ഉറപ്പുണ്ട്.- ട്രംപ് പറഞ്ഞു.
അഫ്ഗാനിസ്താനെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ യുക്രെയ്ന് പിടിച്ചുനില്ക്കുന്നു. നമ്മളെല്ലാവരും വിചാരിച്ചതിനേക്കാള്‍ ശക്തമായാണ് യുക്രെയ്ന് തിരിച്ചടിക്കുന്നത്. ഒരുപാട് പേര് മരിക്കുകയാണ്. നാമിത് അനുവദിക്കുന്നു. ഞാന്‍ പ്രസിഡന്റായിരുന്നെങ്കില്‍ ഒരിക്കലും ഇത് സംഭവിക്കില്ലായിരുന്നു. പുടിന് എന്നോട് ഇത് ചെയ്യില്ലായിരുന്നു- ട്രംപ് പറഞ്ഞു.
നേരത്തേ, പുടിനെ പ്രശംസിച്ച് സംസാരിച്ച ട്രംപ് ഈയിടെയായി പുടിനെ അഭിനന്ദിക്കുന്നതില്‍ നിന്നും വിമര്‍ശിക്കുന്നതില്‍ നിന്നും ഇപ്പോള്‍ വിട്ടുനില്‍ക്കുകയാണ്. മറ്റൊരു അഭിമുഖത്തില്‍ യുക്രെയ്ന് പ്രസിഡന്റ് വ്ലദിമിര്‍ സെലന്‍സ്കി പ്രകടിപ്പിക്കുന്ന ധൈര്യത്തെ താന്‍ അഭിനന്ദിക്കുന്നതായി ട്രംപ് പറഞ്ഞിരുന്നു.
Discussion about this post