ആലത്തൂർ: ജോലിക്ക് ഹാജരാകാതെ സ്ഥിരമായി തൊഴിലുറപ്പ് കൂലി കൈപ്പറ്റി വന്നിരുന്ന സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിൽ നിന്ന് തുക തിരിച്ചുപിടിക്കാൻ വിജിലൻസ് ഉത്തരവിട്ടു. പദ്ധതിയിൽ ക്രമക്കേടിലൂടെ അനധികൃതമായി കൂലി എഴുതിയെടുത്തുവെന്ന പരാതിയിലാണ് നടപടി. തരൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ് മേറ്റും സിപിഎം ലോക്കൽ കമ്മിറ്റിയംഗവും പഴമ്പാലക്കോട് സർവ്വീസ് സഹകരണ ബാങ്ക് താത്കാലിക ജീവനക്കാരിയുമായ ലത കൃഷ്ണൻകുട്ടിക്കെതിരെയാണ് നടപടി.
കുടുംബശ്രീ സിഡിഎസ് അംഗം കൂടിയാണ് ലത. ഇവരിൽ നിന്നും ഏകദേശം 90,000 രൂപ തിരിച്ചുപിടിക്കാനാണ് ഉത്തരവ്. കഴിഞ്ഞ ജൂണിൽ വിവാദം ഉണ്ടായപ്പോൾ തന്നെ അന്നത്തെ പഞ്ചായത്ത് സെക്രട്ടറി കെ ജയൻ മറ്റൊരു മേറ്റായ ശോഭയെയും നീക്കിയിരുന്നു.
സംഭവത്തിൽ ഓവർസീയർ സനൂഷിന് താക്കീതും നൽകിയിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ മേറ്റും ഭർത്താവും ചേർന്ന് 243 ദിവസത്തെ തൊഴിൽദിനങ്ങൾക്കുള്ള കൂലി അനധികൃതമായി മസ്റ്റർ റോളിൽ കാണിച്ച് എഴുതിയെടുത്തു എന്നതാണ് വ്യക്തമായിരിക്കുന്നത്. ലത 185-ഉം ബാക്കി ദിവസം ഭർത്താവ് കൃഷ്ണൻകുട്ടിയും പണിയെടുത്തെന്ന് കാണിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
ഹാജർപട്ടികയും മസ്റ്റർറോളിലും കൃത്രിമം കാണിച്ചാണ് മേറ്റും ഒരുദിവസം പോലും തൊഴിൽചെയ്യാതെ ഭർത്താവും കൂലിയിനത്തിൽ 243 ദിവസത്തെ പണം തട്ടിയെടുത്തതെന്നാണ് കണ്ടെത്തൽ.
Discussion about this post