തിരുവനന്തപുരം: മദ്യപിച്ച് വീട്ടിൽ അക്രമം കാട്ടിയ പ്രതി പൊലീസ് ജീപ്പിൽ നിന്നും വീണ് മരിച്ചു. പൂന്തുറ സ്വദേശി സനോബർ (32) ആണ് മരിച്ചത്. കസ്റ്റഡിയിലെടുത്ത് ജീപ്പിൽ െകാണ്ടുപോകുന്നതിനിടെ ബുധനാഴ്ചയായിരുന്നു സംഭവം.
സനോബർ ജീപ്പിൽ നിന്ന് ചാടിയതാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, പൊലീസ് മർദിച്ചപ്പോഴാണ് സനോബർ ചാടിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കൾ കമ്മീഷണർക്ക് പരാതി നൽകി.
വീഴ്ചയിൽ സനോബറിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. തലച്ചോറിനടക്കം ക്ഷതമേറ്റു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം.
ബുധനാഴ്ച രാത്രി സനോബർ മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ ഉപദ്രവിക്കുകയും വീട്ടിലുണ്ടായിരുന്ന വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു. ഇതേത്തുടർന്ന് വീട്ടുകാർ പൂന്തുറ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തിയതോടെ സനോബർ കുപ്പിച്ചില്ല് ഉപയോഗിച്ച് സ്വയം കൈമുറിച്ചു.
തുടർന്ന് പൊലീസ് സനോബറിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷം തിരികെ വീട്ടിലെത്തിച്ചു. പിന്നീട് വീട്ടുകാരുടെ അഭ്യർത്ഥന കണക്കിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ സനോബർ ജീപ്പിൽ നിന്നും ചാടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.












