തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ബഫര്‍ സോണ്‍ മേഖലയായി തിരിക്കുന്ന പ്രദേശത്തിന് സ്ഥലം ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്ന് കെ റെയില്‍ അധികൃതര്‍ അറിയിച്ചതായി സ്വകാര്യ മാധ്യമം റിപ്പോർട്ട് ചെയ്തു. കല്ലിടുന്ന പ്രദേശം മാത്രമാണ് സ്ഥലം ഏറ്റെടുക്കല്‍ പരിധിയില്‍ വരുന്നത്. ഈ സ്ഥലത്തിന് മാത്രമാകും നഷ്ടപരിഹാരം ലഭിക്കുക.
പാതയ്ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഇരുവശത്തുമായാണ് ബഫര്‍സോണ്‍ മേഖലയുണ്ടാകുക. സില്‍വര്‍ലൈന്‍ പാത കടന്നുപോകുന്നതിനായി സമതല പ്രദേശത്ത് 15 മീറ്റര്‍ വീതിയിലും കുന്നും മലയും ഉള്ളയിടങ്ങളില്‍ 25 മീറ്റര്‍ വീതിയിലുമാണ് കെ റെയില്‍ സ്ഥലം ഏറ്റെടുക്കുന്നത്. ഇങ്ങനെ ഏറ്റെടുക്കുന്ന സ്ഥലത്തിന് മാത്രമായിരിക്കും നഷ്ടപരിഹാരം കിട്ടുക.
ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഇരുവശത്തുമായി പത്ത് മീറ്റര്‍ വീതിയില്‍ ബഫര്‍സോണ്‍ നിശ്ചയിക്കുന്നുണ്ട്. ഈ സ്ഥലത്തിന് ഉടമകള്‍ക്ക് നഷ്ടപരിഹാരം കിട്ടില്ല. ബഫര്‍സോണിലെ അഞ്ചു മീറ്ററില്‍ ഒരു നിര്‍മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കുകയുമില്ല. ബാക്കി അഞ്ചു മീറ്ററില്‍ നിര്‍മാണങ്ങള്‍ക്ക് പ്രത്യേക അനുമതി വേണം. ഭാവി വികസനവും സുരക്ഷയും പരിഗണിച്ചുകൊണ്ട് മാത്രമേ ഈ അഞ്ച് മീറ്ററില്‍ നിര്‍മാണത്തിന് അനുമതി നല്‍കുകയുള്ളൂ. ഫലത്തില്‍ ഈ സ്ഥലത്തിന് നഷ്ടപരിഹാരവും കിട്ടുകയില്ല. അതുകൊണ്ട് ഉപയോഗവും ഇല്ലാത്ത അവസ്ഥ വരും.
Discussion about this post