ഡൽഹി: സൗജന്യ റേഷൻ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന ആറ് മാസത്തേക്ക് കൂടി നീട്ടാനുള്ള തീരുമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ബിജെപി. ഇന്ന് ചേർന്ന ബിജെപി പാർലമെന്ററികാര്യ യോഗമാണ് പ്രധാനമന്ത്രിയെ അഭിനന്ദിച്ചത്.
കൊവിഡ് വ്യാപനത്തിന്റെ നാളുകളിൽ രാജ്യത്തെ ജനങ്ങൾക്ക് ആശ്വാസമേകാൻ പ്രഖ്യാപിച്ച സൗജന്യ റേഷൻ പദ്ധതിയായിരുന്നു പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന. രാജ്യത്ത് ആരും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെയായിരുന്നു കേന്ദ്ര സർക്കാർ പദ്ധതി നടപ്പിലാക്കിയത്. പദ്ധതി പ്രകാരം ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഗുണഭോക്താക്കളായ എല്ലാവർക്കും പ്രതിമാസം അഞ്ച് കിലോ ഭക്ഷ്യധാന്യം വീതം സൗജന്യമായി നൽകും.
രാജ്യത്തെ പാവപ്പെട്ടവരുടെ ക്ഷേമത്തിൽ അതീവ താത്പര്യമുള്ള സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് ബിജെപി യോഗം വിലയിരുത്തി. കൊവിഡ് കാലത്ത് രാജ്യത്തെ എൺപത് കോടി ജനങ്ങൾക്ക് കൈത്താങ്ങാകാൻ സൗജന്യ റേഷൻ പദ്ധതിക്ക് സാധിച്ചു. നിലവിൽ പദ്ധതി 2022 സെപ്റ്റംബർ വരെയാണ് നീട്ടിയിരിക്കുന്നത്. ഇതിനായി 240 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ സംഭരിക്കും. എൺപതിനായിരം കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തുന്നത്.
Discussion about this post