ഡൽഹി: ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പരീക്ഷിക്കാവുന്ന പുത്തൻ മാതൃക സ്വയം സ്വീകരിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്‍കരി കഴിഞ്ഞ ദിവസം പാർലമെന്റില്‍ എത്തിയത് ഒരു ടൊയോട്ട മിറായിയില്‍ ആയിരുന്നു. പെട്രോള്‍, ഡീസല്‍ തുടങ്ങിയ പരമ്പരാഗത ഇന്ധനങ്ങള്‍ ഒന്നും ഉപയോഗിക്കാത്ത ഒരു കാറാണിത്.
രാജ്യത്തെ ആദ്യ ഹൈഡ്രജൻ കാറാണ് ടൊയോട്ട മിറായി. ഇതിലാണ് ഹരിത ഇന്ധനത്തിന്റെ വക്താവായ നിതിന്‍ ഗഡ്‍കരി പാര്‍ലമെന്റില്‍ എത്തിയത്. ഈ മാസം ആദ്യം ഗഡ്‍കരി തന്നെയാണ് ടൊയോട്ട മിറായിയെ ഇന്ത്യയിൽ അവതരിപ്പിച്ചത്.
ഇന്ത്യന്‍ റോഡുകളെയും കാലാവസ്ഥയെയും കുറിച്ച് പഠിക്കാനും വിലയിരുത്താനുമാണ്, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറും ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്നോളജിയും (ഐസിഎടി) ചേർന്നുള്ള പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി ടൊയോട്ട മിറായി അവതരിപ്പിച്ചത്. ഈ അവസരത്തിൽ സുസ്ഥിര ഇന്ധന സ്രോതസ്സുകളിൽ ഓടുന്ന വാഹനങ്ങളുടെ ആവശ്യകത ഉയർത്തി പിടിക്കുന്നതാണ് കേന്ദ്ര മന്ത്രിയുടെ പരീക്ഷണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
പൂർണ്ണമായും ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കാറാണ് ടൊയോട്ട മിറായി. ഒറ്റ ചാര്‍ജില്‍ 650 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കും ഈ വാഹനത്തിന് എന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പറയുന്നു. ചാര്‍ജ് ചെയ്യാന്‍ അഞ്ചുമിനിറ്റ് മതി.
ഹരിത ഇന്ധനത്തിന്റെ ഉപയോഗം ഇനിയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും ജനങ്ങളിൽ അവബോധം സൃഷ്ടിക്കണമെന്നും ഹൈഡ്രജന്‍ കാറിലെത്തിയ മന്ത്രി പറഞ്ഞു. ഡൽഹിയിലെത്തിയാൽ ഹൈഡ്രജൻ കാർ ഉപയോഗിക്കുമെന്ന് നേരത്തേ മന്ത്രി പറഞ്ഞിരുന്നു. സർക്കാരിന്റെ ‘നാഷണൽ ഹൈഡ്രജൻ മിഷൻ’ പ്രകാരം ഹൈഡ്രജൻ ഉപയോഗം വൻ തോതിൽ വർധിപ്പിക്കാൻ കേന്ദ്രപദ്ധതി ഉണ്ടായിരിക്കെ, സർക്കാർ നയത്തെക്കുറിച്ച് സന്ദേശം നൽകുകയായിരുന്നു മന്ത്രി. പരീക്ഷണാടിസ്ഥാനത്തിൽ കാറിൽ സഞ്ചരിച്ച് അദ്ദേഹം പാർലമെന്റിലെത്തിയതും ഈ ഉദ്ദേശ്യത്തിലായിരുന്നു.
Discussion about this post