ആലപ്പുഴ: സിപിഎം എം എൽ എ പി പി ചിത്തരഞ്ജന്റെ പക്കൽ നിന്നും അമിത ബിൽ ഈടാക്കി എന്ന ആരോപണം നേരിട്ട ആലപ്പുഴയിലെ ഹോട്ടൽ ഭക്ഷണസാധനങ്ങൾക്ക് വില കുറച്ചു. വിവാദമായ അപ്പത്തിനും മുട്ടക്കറിക്കുമാണ് ഹോട്ടൽ വില കുറച്ചത്. അപ്പം ഒന്നിന് അഞ്ച് രൂപയും മുട്ടക്കറിക്ക് പത്ത് രൂപയുമാണ് കുറച്ചത്.
ഇതോടെ ഹോട്ടലിൽ സിംഗിൾ മുട്ട റോസ്റ്റിന് 40 രൂപയായി വില. വെജിറ്റബിൾ കുറുമയ്ക്ക് പത്ത് രൂപയും ഹോട്ടൽ കുറച്ചു. ഹോട്ടലിൽ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ചിത്തരഞ്ജൻ എം എൽ എ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.
ഭക്ഷണത്തിന് അന്യായ വിലയാണെന്നും എം എൽ എ കഴിച്ച ഭക്ഷണത്തിന് പണം നൽകിയില്ലെന്നും ഒക്കെയുള്ള വിവാദങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ചൂട് പിടിച്ചിരുന്നു. എം എൽ എ പണം നൽകിയെന്നും മറുവാദം ഉയർന്നിരുന്നു. ഏതായാലും ഹോട്ടലുകാർ ഭക്ഷണത്തിന് വില കുറച്ചത് കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളുടെ സുപ്രധാന ചരിത്രം എന്ന നിലയിൽ ട്രോളുകൾ രൂപപ്പെട്ട് കഴിഞ്ഞു.
Discussion about this post