ലക്നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഒരു സ്കൂളിലെ മൂന്ന് കുട്ടികള്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഓഫ്ലൈന് ക്ലാസുകള്‍ താല്‍ക്കാലികമായി നിറുത്തിവച്ചു. വൈശാലിയിലെ കെ ആര് മംഗലം വേള്‍ഡ് സ്കൂളിലാണ് രോഗബാധ റിപ്പോര്‍ട്ടുചെയ്തത്.
കൂടുതല്‍ കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് ഓഫ്ലൈന് ക്ളാസുകള്‍ താല്‍ക്കാലികമായി നിറുത്തിവയ്ക്കാന്‍ തീരുമാനിച്ചത്. ക്ളാസ് മുറികളും ബസുകളും അണുമുക്തമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണ വിധേയമായതോടെ ഇക്കഴിഞ്ഞ ഫെബ്രുവരിമുതലാണ് സംസ്ഥാനത്ത് ഓഫ് ലൈന്‍ ക്ളാസുകള്‍ ആരംഭിച്ചത്.
കൂടുതല്‍ കുട്ടികളില്‍ രോഗം സ്ഥിരീകരിക്കുന്നത് അധികൃതര്‍ ഗൗവത്തോടെയാണ് കാണുന്നത്. ഗുജറാത്തിലെ വഡോദരയിലെത്തിയ മുംബയ് സ്വദേശിക്ക് ഒമിക്രോണ്‍ എക്സ് ഇ ഉപവകഭേദം സ്ഥിരീകരിച്ചിരുന്നു. ഇതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. നേരത്തേ ജൂണ്‍ മാസത്തില്‍ രാജ്യത്ത് കൊവിഡ് നാലാം തരംഗം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കാനിടയുണ്ടെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. കേരളത്തിന് പുറമേ ഡല്‍ഹി, മഹാരാഷ്ട്ര,ഹരിയാന, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. കൊവിഡ് കേസുകള്‍ തീരെ കുറഞ്ഞ സാഹചര്യത്തില്‍ ഈ സംസ്ഥാനങ്ങളില്‍ പലതിലും മാസ്ക് ധരിക്കുന്നതുള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയിരിക്കുകയാണ്.
കഴിഞ്ഞദിവസം ഗാസിയാബാദിലെ തന്നെ മറ്റൊരു സ്കൂളിലെ കുട്ടികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Discussion about this post