കോട്ടയം: യുവതിക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെ സുഹൃത്തും സംഘവും ചേർന്ന് തല്ലി വശം കെടുത്തി. സംഭവത്തിൽ തല്ലിയവർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. മുണ്ടക്കയം സ്വദേശിയായ 23കാരനെ മര്‍ദ്ദിച്ച കേസിലാണ് 20കാരനായ ഫെമിൽ തോമസ്, 21 കാരനായ ഇമ്മനുവൽ, 23 കാരനായ മിഥുൻ സത്യൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
സാമൂഹിക മാധ്യമമമായ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പാലാ സ്വദേശിനിയായ നഴ്സിങ് വിദ്യാർഥിനിക്ക് യുവാവ് സന്ദേശങ്ങളയച്ചിരുന്നു. ഇത് യുവതി ഫെമിലിനെ അറിയിച്ചു. പിന്നീട് യുവതിയെന്ന വ്യാജേന യുവാവിന് സന്ദേശമയച്ച ഫെമിൽ യുവാവിനെ നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇയാളെ വിളിച്ചുവരുത്തി സുഹൃത്തുക്കൾക്കൊപ്പം ചെന്ന് മര്‍ദ്ദിക്കുകയായിരുന്നു.
കാറിൽ കയറ്റിക്കൊണ്ട് പോയും യുവാവിനെ മർദ്ദിക്കുന്നത് തുടർന്നു. ഒരാളെ മൂവർ സംഘം മര്‍ദ്ദിക്കുന്നതിന് ദൃക്സാക്ഷികളായ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. യുവാവിനെ ഇറക്കിവിട്ട് തിരിച്ച് പോകുന്നതിനിടെ കാഞ്ഞിരപ്പള്ളിയിൽ വെച്ച് ഫെമിലിനെയും സംഘത്തിനെയും പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
Discussion about this post