മുംബൈ: പള്ളികളിലെ ഉച്ചഭാഷിണികളിൽ തൊട്ടാൽ തിരിച്ചടിക്കുമെന്ന് വെല്ലുവിളിച്ച പോപ്പുലർ ഫ്രണ്ട് നേതാവ് ഒളിവിൽ പോയി. മഹാരാഷ്ട്ര നവനിർമാൺ സേനയെയും രാജ് താക്കറെയെയും വെല്ലുവിളിച്ച പോപ്പുലർ ഫ്രണ്ട് നേതാവ് അബ്ദുൾ മതീൻ ഷെഖിനാണ് ഒളിവിൽ പോയത്. ഷെഖിന്റെ വെല്ലുവിളിക്കെതിരെ മഹാരാഷ്ട്ര നവനിർമാൺ സേനയും രാജ് താക്കറെയും ശക്തമായി പ്രതികരിച്ചിരുന്നു. ഇയാൾക്കെതിരെ മഹാരാഷ്ട്ര പൊലീസ് കേസും എടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാൾ ഒളിവിൽ പോയത്.
മഹാരാഷ്ട്രയിൽ കലാപം നടത്താൻ ആരെയും അനുവദിക്കില്ലെന്ന് ഷെഖിന്റെ പ്രസ്താവനക്ക് മറുപടിയായി രാജ് താക്കറെ പറഞ്ഞിരുന്നു. പ്രാർത്ഥിക്കുന്നതിനെ ആരും എതിർക്കുന്നില്ലെന്നും താക്കറെ വ്യക്തമാക്കിയിരുന്നു. എന്നാൽ മുസ്ലീങ്ങൾ പ്രാർത്ഥനയ്ക്കായി ഉച്ചഭാഷിണി ഉപയോഗിച്ചാൽ ഞങ്ങൾ ഇടപെടും. അതേ സ്ഥലത്ത് ഞങ്ങളും ഉച്ചഭാഷിണി ഉപയോഗിക്കും. മതം രാജ്യത്തെ നിയമത്തേക്കാൾ വലുതല്ലെന്ന് മുസ്ലീങ്ങൾ മനസ്സിലാക്കണം. മെയ് 3 കഴിഞ്ഞാൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കണ്ടോളൂവെന്നും താക്കറെ മുന്നറിയിപ്പ് നൽകിയിരുന്നു.
നേരത്തെ, പള്ളികളിലെ ഉച്ചഭാഷിണികളിൽ തൊടാൻ ആരെയും അനുവദിക്കില്ലെന്ന് പോപ്പുലർ ഫ്രണ്ട് നേതാവ് അബ്ദുൾ മതിൻ ഷെഖിൻ പറഞ്ഞിരുന്നു. ചിലർ ബോധപൂർവ്വം സമാധാനം തകർക്കാൻ ശ്രമിക്കുകയാണ്. ചിലർക്ക് ബാങ്ക് വിളിയോടും മദ്രസകളോടും പള്ളികളോടും പ്രശ്നമാണ്. ഞങ്ങൾ സമാധാനം ആഗ്രഹിക്കുന്നവരാണ്. പക്ഷേ പ്രകോപിപ്പിച്ചാൽ ഞങ്ങൾ ആരെയും വെറുതെ വിടില്ല. ആരെങ്കിലും പള്ളികളിലോ മദ്രസകളിലോ ഉച്ചഭാഷിണികളിലോ തൊട്ടാൽ വിവരമറിയും. ഇതായിരുന്നു ഷെഖിന്റെ ഭീഷണി.
എന്നാൽ ഹൈക്കോടതി വിധി നടപ്പാക്കാനാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും അത് നടപ്പിലാക്കിയില്ലെങ്കിൽ സർക്കാരിനെ എല്ലാ തരത്തിലും നേരിടുമെന്നും മഹാരാഷ്ട്ര നവനിർമാൺ സേന വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ഏതെങ്കിലുമൊരു പ്രവർത്തകന്റെ ദേഹത്ത് തൊട്ടാൽ പോപ്പുലർ ഫ്രണ്ട് ശരിക്കുള്ള കളി എന്തെന്ന് കാണും, ഇത് മഹാരാഷ്ട്രയാണെന്ന് മറക്കരുതെന്ന് എം എൻ എസ് നേതാവ് സന്ദീപ് ദേശ്പാണ്ഡെ പോപ്പുലർ ഫ്രണ്ടിന് മുന്നറിയിപ്പ് നൽകിയിരുന്നു.
Discussion about this post