പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ പാലക്കാട് നഗര മധ്യത്തിലെ മേലാമുറിയിലെ കടയിലെത്തി പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിൽ നാല് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെയാണ് തിരിച്ചറിഞ്ഞത്. എസ് ഡി പി ഐ പ്രവർത്തകരായ ശംഖുവാരത്തോട് അബ്ദുൾ റഹ്മാൻ, ഫിറോസ് ഉമ്മർ, അബ്ദുൾ ഖാദർ എന്നിവരെയാണ് തിരിച്ചറിഞ്ഞത് എന്നാണ് റിപ്പോർട്ട്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും മൊബൈൽ പരിശോധിച്ചതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് പ്രതികളെ തിരിച്ചറിഞ്ഞത് എന്നാണ് വിവരം. പ്രതികൾ സഞ്ചരിച്ച ബൈക്കുകളിൽ ഒരെണ്ണം തമിഴ്നാട് രജിസ്ട്രേഷനിൽ ഉള്ളതാണ്. ഈ ബൈക്ക് പിന്നീട് നഗരത്തിന് പുറത്തേക്ക് പോയതായി പൊലീസ് കണ്ടെത്തി. ശ്രീനിവാസനെ കൊലപ്പെടുത്താൻ ഫിറോസും ഉമ്മറും എത്തിയത് ഈ ബൈക്കിലാണ്.
കൊലപാതകികൾ സഞ്ചരിച്ച ഇരുചക്ര വാഹനങ്ങളിൽ ഒന്ന് ആക്ടീവയായിരുന്നു. ഇതിൽ എത്തിയത് അബ്ദുൾ ഖാദർ ആയിരുന്നു. ഈ ആക്ടീവ നഗരം വിട്ട് പോയിട്ടില്ല എന്നാണ് പൊലീസിന്റെ നിഗമനം.
അതേസമയം കൊലപാതകം നടന്ന് മൂന്ന് ദിവസമായിട്ടും ശ്രീനിവാസൻ വധക്കേസ് പ്രതികളെ പിടികൂടാത്ത പൊലീസിനെതിരെ രൂക്ഷ വിമർശനം ഉയരുകയാണ്. ഈ സാഹചര്യത്തിൽ ശ്രീനിവാസന്റെ കൊലപാതകം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ച് ബിജെപി രംഗത്തെത്തി. ഈ മാസം 29 ന് കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ കേരളത്തിലെത്തുമ്പോൾ ശ്രീനിവാസൻ വധക്കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന ആവശ്യം ബിജെപി മുന്നോട്ട് വെക്കും. ശ്രീനിവാസനെ കൊലപെടുത്തിയ സംഘത്തിലെ ഒരാളെ പേലും ഇതുവരെ പിടികൂടാനാവാത്ത പൊലീസിനെതിരെ വരും ദിവസങ്ങളിൽ ബിജെപി പ്രതിഷേധം ശക്തമാക്കും.












