ഹൈദരാബാദ്: ഒരു മാസത്തിനിടെ നാല് ദുരൂഹ മരണങ്ങൾ നടന്ന ഗ്രാമത്തിൽ മാംസം തിന്നുന്ന പിശാചിനെ ഭയന്ന് സ്വയം ലോക്ക്ഡൗൺ പ്രഖ്യാപിച്ച് വിറങ്ങലിച്ച് ഒരു കൂട്ടം ജനങ്ങൾ. ഗ്രാമവാസികളുടെ ദുരൂഹ മരണങ്ങൾക്ക് കാരണം പിശാചാണെന്ന് ആരോപിച്ചാണ് ഇവർ വീടുവിട്ട് പുറത്തിറങ്ങാൻ മടിക്കുന്നത്.
ആന്ധ്രയിലെ വെണ്ണെലവലസ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ സർക്കാർ ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്. ഗ്രാമത്തിലേക്ക് പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നത് തടയാൻ വേലി കെട്ടിയിട്ടുണ്ട്.
ജീവനക്കാരെയും മെഡിക്കൽ സ്റ്റാഫിനെയും അധ്യാപകരെയും അനുവദിക്കാത്തതിനാൽ സ്‌കൂളും അങ്കണവാടികളും പോലും അടഞ്ഞുകിടക്കുകയാണ്. ഒഡീഷയുമായി അതിർത്തി പങ്കിടുന്ന ശ്രീകാകുളം ജില്ലയിലെ സരുബുജ്ജിലി മണ്ഡലത്തിന് കീഴിലാണ് ഈ ഗ്രാമം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗ്രാമത്തിലെ ചിലർക്ക് പനി പിടിപെടുകയും നാല് പേർ മരിക്കുകയും ചെയ്തതായി നാട്ടുകാർ പറയുന്നു. ഗ്രാമത്തിൽ അലഞ്ഞുതിരിയുന്ന ദുഷ്ടാത്മാക്കൾ മൂലമാണ് ഇത് സംഭവിച്ചതെന്നാണ് ഗ്രാമവാസികൾ വിശ്വസിക്കുന്നത്. പുരോഹിതന്മാരുടെ നിർദേശ പ്രകാരം ഏപ്രിൽ 17 മുതൽ 25 വരെയാണ് ഗ്രാമത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്.
പുറത്തുനിന്നുള്ളവരെ ഗ്രാമത്തിൽ അനുവദിക്കരുതെന്നും ഗ്രാമത്തിൽ താമസിക്കുന്നവർ വീടിന് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗ്രാമത്തിലേക്കുള്ള വഴിയും അടച്ചിരിക്കുകയാണ്.
Discussion about this post