ബീജിംഗ്: ചൈനീസ് പൗരന്മാർ കൊല്ലപ്പെടാൻ ഇടയായ കറാച്ചി സ്ഫോടനത്തിൽ പാകിസ്ഥാനെ മുൾമുനയിൽ നിർത്തി ചൈന. എത്രയും വേഗം അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി ശിക്ഷിച്ചില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ചൈനീസ് അധികൃതർ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയതായി ചൈനീസ് പത്രം റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ ചൈന പാകിസ്ഥാനോട് വിശദീകരണം തേടി. ആരാണ് ആസൂത്രണം ചെയ്തതെന്നോ എന്താണ് അവരുടെ ലക്ഷ്യമെന്നോ അറിയേണ്ടതില്ല. കുറ്റവാളികൾക്ക് തക്കതായ ശിക്ഷ നൽകുകയാണ് വേണ്ടത്. ഇതാണ് ചൈനയുടെ നിലപാടെന്ന് ചൈനീസ് സർക്കാർ മുഖപത്രം ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം കറാച്ചിയിൽ നടന്ന സ്ഫോടനത്തിൽ ബുർഖ ധരിച്ച ഒരു സ്ത്രീയായിരുന്നു പൊട്ടിത്തെറിച്ചത്. സംഭവത്തിൽ മൂന്ന് ചൈനീസ് പൗരന്മാർ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി എന്ന സംഘടന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചാവേർ വനിതയുടെ ചിത്രം പുറത്തു വിടുകയും ചെയ്തിരുന്നു.












