തിരുവനന്തപുരം: സംസ്ഥാനത്തെ ചില സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ഒന്നാംവർഷ എംബിബിഎസ് പരീക്ഷയിൽ കൂട്ടത്തോൽവി. പരീക്ഷ എഴുതിയതിലെ പകുതിപ്പേരും തോറ്റ മൂന്ന് മെഡിക്കൽ കോളേജുകളിലേക്ക് തോൽവിയെ കുറിച്ച് പഠിക്കാൻ കമ്മീഷനെ അയക്കാൻ ആരോഗ്യ സർവകലാശാല തീരുമാനിച്ചു. തൊടുപുഴ കുമാരമംഗലം അൽ അസ്ഹർ, അടൂർ മൗണ്ട്സയൻ, പാലക്കാട് പി കെ ദാസ് കോളേജുകളിലേക്കാണ് കമ്മിഷനെ അയയ്ക്കുന്നത്.
ആരോഗ്യ സർവ്വകലാശാലയുടെ മൊത്തം വിജയശതമാനം 74 ൽ നിന്ന് 68 ലേക്ക് ഇടിഞ്ഞു. 70 ശതമാനത്തിന് മുകളിൽ പേർ വിജയിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലും തോൽവി വർദ്ധിച്ചു. കൊവിഡിന് ശേഷം ഒന്നാംവർഷ ക്ലാസുകൾ കൃത്യമായി ലഭിക്കാത്തത്, പരിഷ്കരിച്ച കരിക്കുലത്തിലെ ബുദ്ധിമുട്ട്, ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ മതിയായ ക്ലാസുകൾ ലഭിക്കുന്നതിലെ തടസ്സം ഇവയാണ് തോൽവിയുടെ കാരണങ്ങളായി പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എന്നാൽ എല്ലായിടത്തും കൂട്ടത്തോൽവി ഇല്ലെന്നും മൂന്ന് കോളേജുകളുടെ മോശം പ്രകടനമാണ് മൊത്തം വിജയശതമാനം ഇടിയുന്നതിന് കാരണമായതെന്നുമാണ് സർവ്വകലാശാല നൽകുന്ന വിശദീകരണം. ഫാക്കൽറ്റിയുടെ കുറവ് കാരണം പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക ശ്രദ്ധ നൽകാനായില്ലെന്ന് സർവ്വകലാശാല പരോക്ഷമായി സമ്മതിക്കുന്നു. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി എന്നീ വിഷയങ്ങളിലാണ് വിദ്യാർത്ഥികൾ കൂട്ടത്തോടെ തോറ്റത്.
Discussion about this post