വാഷിംഗ്ടൺ: അമേരിക്കയിൽ ആകാശത്ത് കാതടപ്പിക്കുന്ന ശബ്ദവും പടുകൂറ്റൻ തീഗോളവും പ്രത്യക്ഷപ്പെട്ടത് ജനങ്ങളെ ഭയചകിതരാക്കി. അർക്കൻസാസ്, ലൂസിയാന, മിസിസിപ്പി എന്നീ തെക്കൻ സംസ്ഥാനങ്ങളിലായിരുന്നു സംഭവം. മുപ്പതിലധികം ആളുകൾ ഇവിടങ്ങളിൽ തീഗോളം കണ്ടതായി അവകാശപ്പെടുന്നു.
കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയായിരുന്നു സംഭവം. അൽകോണിൽ മിസിസിപ്പി നദിക്ക് 87 കിലോമീറ്റർ മുകളിലായിട്ടായിരുന്നു ആദ്യമായി തീഗോളം കണ്ടത്. സംഭവം നാസ സ്ഥിരീകരിച്ചു.
അന്തരീക്ഷത്തിൽ പൊട്ടിത്തെറിക്കുന്ന വലിയ ഉൽക്ക എന്നർഥം വരുന്ന ബോലൈഡ് എന്ന വസ്തു മണിക്കൂരിൽ 85000 കിലോമീറ്റർ എന്ന അതിവേഗത്തിൽ തെക്കുകിഴക്കൻ ദിശയിലൂടെ പാഞ്ഞുപോകുകയും യാത്രയ്ക്കിടെ പല കഷണങ്ങളായി വിഭജിക്കപ്പെടുകയും ചെയ്തതാവാം കാരണമെന്ന് നാസ അഭിപ്രായപ്പെടുന്നു. കടുത്ത ഓറഞ്ച് നിറത്തിൽ കത്തിജ്ജ്വലിച്ചാണ് ഇത് തീഗോളമായി മാറിയത്. വെളുത്ത നിറത്തിൽ വാലുപോലെ ഒരു ഘടനയും കണ്ടെന്ന് ചിലർ അഭിപ്രായപ്പെടുന്നു.
3000 ടൺ ടിഎൻടിക്കു തത്തുല്യമായ ഊർജമാണു തീഗോളം സൃഷ്ടിച്ചത്. ചന്ദ്രബിംബത്തിന്റെ പത്തുമടങ്ങ് തിളക്കവും ഇതിനുണ്ടായിരുന്നു. സോണിക് ബൂം പ്രതിഭാസത്തിനു തുല്യമായ അതീവ ഉയർന്ന നിലയിലുള്ള ശബ്ദവും ഇതോടൊപ്പം കേട്ടിരുന്നെന്നും ദൃക്സാക്ഷികൾ പറയുന്നു.












