തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിൽ മിന്നൽ സന്ദർശനത്തിനെത്തിയ മന്ത്രിക്ക് വിളമ്പിയ ഉച്ചഭക്ഷണത്തിൽ തലമുടി. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട പരിശോധനകൾക്കായി മന്ത്രി ജി.ആർ.അനിൽ ഇന്നുച്ചയ്ക്ക് കോട്ടൺഹിൽ സ്കൂൾ സന്ദർശിച്ചിരുന്നു. പാചകപ്പുര സന്ദർശിച്ച ശേഷം അദ്ദേഹം കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കാനിരുന്നു. കുട്ടികളുമായി കുശലം പറഞ്ഞ് ഭക്ഷണം കഴിക്കുന്നതിനിടെയാണ് പാത്രത്തിൽ നിന്ന് തലമുടി കിട്ടിയത്. മുടി കളഞ്ഞ് ഭക്ഷണം നീക്കിവച്ച മന്ത്രിക്ക് മുന്നിലേക്ക് പുതിയ പാത്രത്തിൽ സ്കൂൾ അധികൃതർ ചോറും കറികളും എത്തിച്ചു.
ഭക്ഷണത്തിൽ നിന്നും തലമുടി കിട്ടിയതുമായി ബന്ധപ്പെട്ട ചോദ്യത്തോട് ശുചീകരണം മെച്ചപ്പെടണം എന്നായിരുന്നു ഭക്ഷ്യമന്ത്രിയുടെ പ്രതികരണം. ഒറ്റപ്പെട്ട സംഭവമായി കണ്ടാൽ മതി. കോട്ടൺഹിൽ എൽപി സ്കൂൾ ഉൾപ്പെടെ പല വിദ്യാലയങ്ങളിലും പാചക, ശുചീകരണ തൊഴിലാളികളുടെ കുറവുണ്ടെന്ന് മന്ത്രി പറഞ്ഞു.
സ്ഥല പരിമിതി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും ജി.ആർ.അനിൽ വ്യക്തമാക്കി.
Discussion about this post