ബഹിരാകാശ ടെലിസ്കോപ്പായ ജെയിംസ് വെബ്ബ് ആയിരത്തിലധികം പ്രകാശവര്‍ഷം അകലെയുള്ള ഒരു ഗ്രഹത്തില്‍ വെള്ളം കണ്ടെത്തിയെന്ന് നാസ. 1,150 പ്രകാശവര്‍ഷം അകലെയുള്ള ഒരു നക്ഷത്രത്തെ ചുറ്റുന്ന വാസ്പ് 96-ബിയില്‍ ജലത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി യുഎസ് ബഹിരാകാശ ഏജന്‍സി പറഞ്ഞു. വെള്ളം കൂടാതെ, മേഘവും മൂടല്‍മഞ്ഞും ഈ ഗ്രഹത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ക്ഷീരപഥത്തില്‍ സ്ഥിരീകരിച്ച 5,000-ത്തിലധികം എക്സോപ്ലാനറ്റുകളില്‍ ഒന്നാണ് വാസ്പ് 96 ബി. 2014ല്‍ കണ്ടെത്തിയ ഈ ഗ്രഹത്തിന് വ്യാഴത്തിന്റെ പകുതി പിണ്ഡമാണുള്ളത്. ഭൂമി സൂര്യനെ ഒരു വര്‍ഷമെടുത്തു ഭ്രമണം ചെയ്യുമ്പോള്‍ വാസ്പ് 96 ബി അതിന്റെ നക്ഷത്രത്തെ ചുറ്റുന്നത് വെറും 3.4 ദിവസം കൊണ്ടാണ്. 538 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണ് ഇവിടുത്തെ താപനില.
വാസ്പ് 96 ബി വ്യാഴം, ശനി, നെപ്റ്റ്യൂണ്‍, യുറാനസ് എന്നീ ഗ്രഹങ്ങളെപ്പോലെ കട്ടിയേറിയ ഉള്‍ക്കാമ്പും അതിനെ പൊതിഞ്ഞുനില്‍ക്കുന്ന വാതക ഉപരിതലവുമുള്ള ഗ്രഹമാണ്.
അതേസമയം, ഭൂമിക്കപ്പുറത്തുള്ള വാസയോഗ്യമായ ഗ്രഹങ്ങളെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ ഒരു വലിയ കുതിച്ചുചാട്ടമാണ് ജെയിംസ് വെബ്ബിന്റെ ഈ നിരീക്ഷണങ്ങളും കണ്ടെത്തലുകളും.
Discussion about this post