ഗണേശ ചതുർഥിയോടനുബന്ധിച്ച് ഗണപതി ഭഗവാനെക്കുറിച്ചുള്ള ചില അധ്യാത്മശാസ്ത്രപരമായ വിവരങ്ങളാണ് താഴെ കൊടുക്കുന്നത്.
ഭാദ്രപദ മാസത്തിലെ ശുദ്ധപക്ഷ ചതുർഥിയാണ് ശ്രീ ഗണേശ ചതുർഥിയായി ആഘോഷി ക്കുന്നത്. ഗണേശ ചതുർഥി മുതൽ ആരംഭിച്ച് ഗണേശോത്സവത്തിന്റെ പത്തു ദിവസങ്ങളിലും ഗണേശ തത്ത്വം ഭൂമിയിൽ മറ്റു ദിവസങ്ങളെ അപേക്ഷിച്ച് 1000 മടങ്ങ് കൂടുതൽ പ്രവർത്തനക്ഷമമായിരിക്കും. ഈ സമയത്ത് ശ്രീ ഗണപതിയുടെ ഉപാസന ചെയ്യുന്നതിലൂടെ ഗണേശ തത്ത്വത്തിന്റെ കൂടുതൽ ഗുണം നമുക്ക് ലഭിക്കുന്നു. (ഈ വർഷം വിനായക ചതുർഥി ആഗസ്റ്റ് 31-നാണ്.)
വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭഃ
നിർവിഘ്നം കുരുമേ ദേവ സർവകാര്യേഷു സർവദാ
ഗണപതി എന്ന വാക്കിന്റെ അർഥമെന്താണ്? : ’ഗണ’ എന്നാൽ ’പവിത്രകം’, അതായത് ’ചൈതന്യത്തിന്റെ കണങ്ങൾ’ എന്നാണ്; ’പതി’ എന്നാൽ ’സ്വാമി’, അതായത് ’കാത്തു രക്ഷിക്കുന്നവൻ’. ചുരുക്കത്തിൽ പറഞ്ഞാൽ ഗണപതി എന്നാൽ ’പവിത്രകങ്ങളുടെ സ്വാമി’ എന്നാണർഥം.
ഗണപതിയുടെ വ്യത്യസ്ത നാമങ്ങളും അവയുടെ അർഥവും
1. വക്രതുണ്ഡൻ എന്ന വാക്കിന്റെ അക്ഷരാർഥം ’വളഞ്ഞ തുന്പിക്കൈ ഉള്ളവൻ’ എന്നാണ്. വളഞ്ഞ, അതായത് തെറ്റായ മാർഗത്തിലൂടെ ജീവിക്കുന്നവനെ ശിക്ഷിച്ച് നേരായ മാർഗത്തിലേക്ക് കൊണ്ടു വരുന്നതു കൊണ്ട് ഗണപതിയെ വക്രതുണ്ഡൻ എന്ന് വിളിക്കുന്നു.
2. ഏകദന്തൻ, അതയാത് ഒരു കൊന്പ് പൂർണമായും മറ്റൊന്നു മുറിഞ്ഞതായും ഉള്ളതിനാൽ ഗണപതിയെ ഈ പേര് വിളിക്കുന്നു. ഒന്ന് എന്ന അക്കം ബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ദന്തീന് എന്നാൽ ’കാണിച്ചു കൊടുക്കുക’ എന്നർഥം; അതായത് ഏകമായ ബ്രഹ്മത്തിന്റെ അനുഭൂതി നേടാനുള്ള വഴി കാട്ടിക്കൊടുക്കുന്നവൻ എന്നാണർഥം.
3. വിനായകൻ എന്നതിന്റെ അർഥം നായകന്മാരുടെ, അതായത് നേതാക്കന്മാരുടെ വിശേഷതകളെല്ലാം ഉള്ളവൻ എന്നാണ്.
4. ലംബോദരൻ എന്നതിന്റെ അർഥം അക്ഷരം പ്രതിയായി പറയുകയാണെങ്കിൽ ലംബമായ അതായത് വലുതായ ഉദരം (വയറ്) ഉള്ളവൻ എന്നാണ്. ഇതിന്റെ ആന്തരാർഥം എന്തെന്നാൽ സർവ ചരാചരങ്ങളും ഗണപതിയിൽ വസിക്കുന്നു.
ഏതൊരു ശുഭകാര്യവും ആരംഭിക്കുന്നതിനു മുൻപ് ഗണപതിയോട് പ്രാർഥിക്കുന്നത് എന്തു കൊണ്ടാണ് ? : മനുഷ്യർ സംസാരിക്കുന്ന ഭാഷ നാദഭാഷയാണ്; എന്നാൽ ദേവീ-ദേവന്മാരുടെ ഭാഷ പ്രകാശ ഭാഷയാണ്. മനുഷ്യർ സംസാരിക്കുന്ന നാദഭാഷ ഗണപതിക്ക് മനസ്സിലാക്കാൻ കഴിയുന്നതിനാൽ ഗണപതി വേഗം പ്രസന്നനാകുന്നു. ഗണപതിക്ക് മനുഷ്യന്റെ നാദഭാഷയെ ദേവീ-ദേവന്മാരുടെ പ്രകാശ ഭാഷയിലേക്ക് രൂപാന്തരപ്പെടുത്തുവാനുള്ള കഴിവുണ്ട്. അതിനാൽ നമ്മുടെ പ്രാർഥനകൾ ഗണപതി നാദ ഭാഷയിൽ നിന്ന് പ്രകാശഭാഷയിലേക്ക് രൂപാന്തരപ്പെടുത്തി മറ്റു ദേവീ-ദേവന്മാർവരെ എത്തിക്കുന്നു.
മൂഷികനും ഗണപതിയും തമ്മിലുള്ള ബന്ധമെന്താണ് ? : മൂഷികൻ ഗണപതിയുടെ വാഹനമാണ്. വാഹനം എന്ന വാക്ക് സംസ്കൃതത്തിലെ വൃ-വഹ് എന്നതിൽ നിന്നാണുണ്ടായത്. ഇതിന്റെ അർഥം വഹിച്ചു കൊണ്ടു പോകുക എന്നാണ്. ദേവീ-ദേവന്മാരുടെ വാഹനം അവരുടെ പ്രവർത്തിക്ക് അനുസൃതമായി മാറുന്നു. സാധാരണയായി ഗണപതിയുടെ വാഹനം മൂഷികനാണ്; അതായത് ഗണപതിയുടെ കാര്യങ്ങൾക്കായി ആവശ്യമായ ശക്തി മൂഷികനിലാണ് ഉള്ളത്, എന്നാണർഥം. മൂഷികൻ രജോഗുണത്തെ സൂചിപ്പിക്കുന്നു; അതായത് രജോഗുണം ഗണപതിയുടെ നിയന്ത്രണത്തിലാണ് എന്ന കാര്യവും ഇതിൽ നിന്നും വ്യക്തമാകുന്നു.
ഗണപതി ഭഗവാന്റെ വിഗ്രഹങ്ങൾ രണ്ട് തരത്തിലുണ്ട്, ഇടത് വശത്തും വലതു വശത്തും തുമ്പി കൈയുള്ള വിഗ്രഹങ്ങൾ. അവ രണ്ടും തമ്മിൽ എന്താണ് വ്യത്യാസം ?
തുതുമ്പിക്കൈയുടെ ആദ്യത്തെ വളവ് വലതു വശത്തേക്കായിരിക്കുന്ന മൂർത്തിയെ ദക്ഷിണ മൂർത്തി അഥവാ ദക്ഷിണാഭിമുഖി മൂർത്തി എന്നു പറയുന്നു. ദക്ഷിണമെന്നാൽ തെക്ക് ദിശ അഥവാ വലതു ഭാഗം. തെക്ക് ദിശ യമലോകത്തേക്ക് നയിക്കുന്നു, എന്നാൽ വലതു ഭാഗം സൂര്യനാഡിയുടേതാകുന്നു. ആരാണോ യമലോകദിശയെ ധൈര്യത്തോടെ നേരിടുന്നത്, അവൻ ശക്തിശാലിയായിരിക്കും. അതേപോലെ, സൂര്യ നാഡി പ്രവർത്തനക്ഷമമായിട്ടുള്ളവൻ തേജസ്വിയുമായിരിക്കും. ഈ രണ്ട് കാരണങ്ങളാൽ വലതു ഭാഗ ത്തേക്ക് തുമ്പികൈയുള്ള ഗണപതി ശക്തിയുള്ളതാണ്. തെക്ക് ദിശയിലുള്ള യമലോകത്തിൽ പാപപുണ്യങ്ങളുടെ കണക്കുകൾ പരിശോധിക്കുന്നതിനാൽ ആ ദിശ നമുക്ക് നല്ലതായി തോന്നുകയില്ല. കർമകാണ്ഡ പ്രകാരമുള്ള എല്ലാ നിയമങ്ങളും കർശനമായി പാലിച്ചുകൊണ്ടാണ് ഇത്തരം വിഗ്രഹത്തെ പൂജിക്കേണ്ടത്.
എന്നാൽ തുമ്പിക്കൈയുടെ ആദ്യത്തെ വളവ് ഇടതു വശത്തേക്ക് ആയിരിക്കുന്ന വിഗ്രഹത്തെ വാമമുഖി എന്നു പറയുന്നു. വാമം എന്നാൽ ഇടതു ഭാഗം, അഥവാ വടക്കു ദിശ. ഇടതു ഭാഗത്തുള്ള ചന്ദ്രനാഡി ശീതളത പകരുന്നു, അതുപോലെ വടക്കുദിശ ആധ്യാത്മിക ഉന്നതിക്ക് അനുയോജ്യവും ആനന്ദ ദായകവുമാണ്. അതിനാൽ വീടുകളിൽ വാമമുഖി ഗണപതിയെയാണ് കൂടുതലായും പൂജിക്കുന്നത്.
ഗണപതി ഭഗവാന് ചുവന്ന പുഷ്പങ്ങൾ അർപ്പിക്കുന്നതിന്റെ കാരണമെന്താണ് ?
ശ്രീഗണപതിയുടെ നിറം ചുവപ്പാണ്. ഗണപതി പൂജയിൽ ചുവന്ന വസ്ത്രം, ചുവന്ന പുഷ്പങ്ങൾ, രക്തചന്ദനം ഇവ ഉപയോഗിക്കുന്നു. ഇതിന്റെ അർഥം ഗണപതിക്ക് ചുവന്ന നിറം ഇഷ്ടമാണ് എന്നല്ല. ദേവീ-ദേവന്മാർക്ക് മനുഷ്യർക്കുള്ളതു പോലെയുള്ള ഇഷ്ടാനിഷ്ടങ്ങൾ ഒന്നും തന്നെയില്ല. ചുവപ്പു നിറം ഉപയോഗിക്കുന്നതിന്റെ കാരണം എന്തെന്നാൽ ചുവപ്പ് നിറം കാരണം അന്തരീക്ഷത്തിലെ ഗണപതിയുടെ പവിത്രകങ്ങൾ അതായത് ഗണപതി ഭഗവാന്റെ തരംഗങ്ങൾ നാം പൂജിക്കുന്ന വിഗ്രഹം അഥവാ ഭഗവാന്റെ ചിത്രത്തിലേക്ക് കൂടുതൽ അളവിൽ ആകർഷിക്കപ്പെടുന്നു. അതിനാൽ നാം പൂജിക്കുന്ന വിഗ്രഹം/ചിത്രം കൂടുതൽ ജാഗൃതമാകുകയും പൂജിക്കുന്ന വ്യക്തിക്ക് ഭഗവാന്റെ കൂടുതൽ ചൈതന്യം ലഭിക്കുകയും ചെയ്യുന്നു.
ഇതേ സിദ്ധാന്തമനുസരിച്ച് ഗണപതിക്ക് കറുകപ്പുല്ല് അർപ്പിക്കുന്നു. കറുകയെ ദുർവ എന്നും പറയുന്നു. ദുർവ എന്ന വാക്കിന്റെ അർഥം ഇപ്രകാരമാണ് – ദുഃ എന്നാൽ ദൂരെയുള്ളത്, അവ എന്നാൽ സമീപത്ത് കൊണ്ടു വരുന്നത്. ദൂരെയുള്ള ഗണപതിയുടെ പവിത്രകങ്ങളെ സമീപത്ത് കൊണ്ടു വരുന്നതെന്തോ, അത് ദുർവയാകുന്നു. അതിനാലാണ് ഗണപതിക്ക് കറുകപ്പുല്ല് പൂജയിൽ അർപ്പിക്കുന്നത്. അർപ്പിക്കുന്ന ഇലകൾ തളിരിലകളും പുല്ലിലെ ഇലകൾ 3, 5, 7, എന്നിങ്ങനെ ഒറ്റ സംഖ്യയിൽ ഉള്ളതുമായിരിക്കണം.
ഗണപതിയുടെ കൈയിലുള്ള മോദകം എന്തിനെയാണ് സൂചിപ്പിക്കുന്നത് ?
‘മോദ്’ എന്നാൽ ’ആനന്ദം’, ’ക’ എന്നാൽ ഒരു ’ചെറുഭാഗം’ എന്നുമാണ്. അതായത്, മോദകം എന്നാൽ ആനന്ദത്തിന്റെ ചെറിയ ഭാഗം എന്നാണ്. ഗണപതിയുടെ കൈയിലുള്ള മോദകം ആനന്ദം നൽകുന്ന ശക്തിയെ സൂചിപ്പിക്കുന്നു.
ശ്രീ ഗണേശ ചതുർഥി (ഗണേശോത്സവം)
ഗണേശോത്സവ സമയത്ത് കൂടുതൽ കാര്യക്ഷമമായ ഗണേശ തത്ത്വത്തിന്റെ കൂടുതൽ ഗുണം നേടുവാ നായി ഓം ഗം ഗണപതയേ നമഃ എന്ന് പരമാവധി ജപിക്കുക : ഗണേശ ചതുർഥിക്കും ഗണേശോത്സവ സമയത്തും (അതായത് ചതുർഥി മുതലുള്ള 10 ദിവസങ്ങൾ) ഗണപതി ഭഗവാന്റെ നാമം ജപിക്കുക, ഗണപതി വിഗ്രഹത്തെ പൂജിക്കുക, ഭഗവാന്റെ സ്തോത്രങ്ങൾ ചൊല്ലുക മുതലായവ ചെയ്യുന്നു. ഈ 10 ദിവസങ്ങളെയാണ് ഗണേശോത്സവം എന്നു പറയുന്നത്.
ഗണേശോത്സവ സമയത്ത് നമ്മൾ പൊതുവെ ഗണപതി ഭഗവാന്റെ ഉപാസന ചെയ്യുന്നു. അതോടൊപ്പം തന്നെ ‘ ഓം ഗം ഗണപതയേ നമഃ’ എന്ന നാമവും കൂടുതൽ ജപിക്കുക. നാമജപം എന്നത് കലിയുഗത്തിലെ സാധനയാണ്. നാമജപത്തിന് സ്ഥലം, സമയം എന്നതിന്റെ പരിമിതി ഇല്ലാത്തതു കൊണ്ട് അത് എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന സാധനയാണ്. സാധിക്കുമെങ്കിൽ കുടുംബസമേതം ഒരുമിച്ചിരുന്ന് ഓം ഗം ഗണപതയേ നമഃ എന്ന് ജപിക്കുക.
ശ്രീ ഗണപതിവിഗ്രഹം ശാസ്ത്രമനുസരിച്ച് എപ്രകാരമായിരിക്കണം ? : ഇന്ന് കടകളിൽ വ്യത്യസ്ത രൂപങ്ങളിലുള്ള ഗണപതി വിഗ്രഹം കിട്ടുന്നു. പക്ഷെ ഇത്തരത്തിലുള്ള വിഗ്രഹങ്ങളെ പൂജിക്കുന്നതിനു പകരം ശാസ്ത്രത്തിൽ പറഞ്ഞതു പ്രകാരമുള്ള വിഗ്രഹത്തെ പൂജിക്കുക. ദേവതയുടെ അടിസ്ഥാന രൂപ വുമായി വിഗ്രഹത്തിന് എത്ര സാമ്യമുണ്ടോ, അത്രയും അധികം അളവിൽ അതിലേക്ക് ദേവതയുടെ തത്ത്വം ആകർഷിക്കപ്പെടും. ഋഷിമുനിമാരും ഗുരുക്കന്മാരുമാണ് ശാസ്ത്രങ്ങൾ എഴുതിയത്. അവർക്ക് ദേവതയുടെ ദർശനം എപ്രകാരമായിരുന്നോ ഉണ്ടായത്, അതനുസരിച്ച് അവർ ദേവീദേവന്മാരെ വർണിച്ചിട്ടുണ്ട്. അതുകൊണ്ട് ശാസ്ത്രത്തിൽ പറഞ്ഞതുപോലുള്ള രീതിയിൽ വിഗ്രഹത്തെ പൂജിച്ചാൽ അതിന്റെ ആധ്യാത്മിക തലത്തിൽ കൂടുതൽ ഗുണം കിട്ടും. സ്വയംഭു വിഗ്രഹം, ഗുരുക്കന്മാർ സ്ഥാപിച്ച വിഗ്രഹം, ശാസ്ത്രമനുസരിച്ച് ഉണ്ടാക്കിയ വിഗ്രഹം എന്നിവയിൽ ദേവതയുടെ തത്ത്വം ആകർഷിക്കുകയും പ്രക്ഷേപിക്കുകയും ചെയ്യുന്ന കഴിവ് കൂടുതലാണ്.
’ശ്രീ ഗണപതി അഥർവശീർഷ’ത്തിൽ ഗണപതിയുടെ രൂപം ഇപ്രകാരം വർണിച്ചിട്ടുണ്ട് – ’ഏകദന്തം ചതുർഹസ്തം…’ അതായത്, ’ഏകദന്തനും, ചതുർഭുജനും, പാശവും അങ്കുശവും ധരിച്ചവനും, മറു കൈയ്യിൽ വരദമുദ്രയുള്ളവനും, ധ്വജത്തിൽ മൂഷികന്റെ ചിഹ്നമുള്ളതും, രക്തവർണത്തിലുള്ളതും, ലംബോദരനും, മുറം പോലെയുള്ള ചെവികൾ ഉള്ളവനും, ചുവന്ന വസ്ത്രം ധരിച്ചവനും, രക്തചന്ദനത്തിന്റെ ലേപനം പുരട്ടിയവനും ചുവന്ന പുഷ്പങ്ങളാൽ പൂജിക്കപ്പെട്ടവനും’ എന്നാണ്.
ശാസ്ത്രമനുസരിച്ച് ഗണപതി വിഗ്രഹം കളിമണ്ണ് കൊണ്ടുണ്ടാക്കിയതായിരിക്കണം. വിഗ്രഹത്തിന്റെ ഉയരം ഒന്ന് മുതൽ ഒന്നര അടി വരെയുള്ളതായിരിക്കണം. ശാസ്ത്രമനുസരിച്ചു തയ്യാറാക്കിയത്, പീഠത്തിന്മേൽ ഇരിക്കുന്നത്, ഇടതു വശത്ത് തുന്പിക്കൈയുള്ളത്, പ്രകൃതിദത്തമായ നിറങ്ങൾ പൂശിയത് എന്നിങ്ങനെ യായിരിക്കണം വിഗ്രഹം. പ്ലാസ്റ്റർ ഒാഫ് പാരിസ്, പേപ്പർ, പച്ചക്കറികൾ, പഴങ്ങൾ, നാളികേരം, നാണയം, ചോക്ലെറ്റ് മുതലായവ കൊണ്ട് വിഗ്രഹം ഉണ്ടാക്കുന്നത് ധർമശാസ്ത്രത്തിനെതിരെയാണ്. ഇഷ്ടപ്പെട്ടതു കാരണം ഗണേശവിഗ്രഹം വീട്ടിൽ കൊണ്ടു വരുന്നതിനെക്കാളും ഗുണകരം ധർമശാസ്ത്രമനുസരിച്ചുള്ള ഗണേശവിഗ്രഹം വച്ചു പൂജിക്കുക എന്നതാണ്.
വീട്ടിൽ പൂജാമുറിയിൽ ഗണപതി വിഗ്രഹം ഉള്ളപ്പോൾ ഗണേശോത്സവത്തിന് പുതിയ വിഗ്രഹം എന്തുകൊണ്ട് വാങ്ങി പൂജിച്ച് പിന്നീട് നിമജ്ജനം ചെയ്യുന്നു ? : ഗണേശ ചതുർഥി സമയത്ത് ഗണേശ തത്ത്വം ഭൂമിയിലേക്ക് കൂടുതൽ അളവിൽ വരുന്നു. അവയെ നിത്യ പൂജയിലെ വിഗ്രഹത്തിലേക്ക് ആവാഹിച്ചാൽ, ആ വിഗ്രഹത്തിലും ശക്തീ വളരെയധികം കൂടും. ഇത്തരത്തിലുള്ള വിഗ്രഹത്തെ കർമകാണ്ഡമനുസരിച്ചുള്ള എല്ലാ നിയമങ്ങളും പാലിച്ച് വർഷം മുഴുവനും പൂജിക്കുക എന്നത് പ്രയാസമാണ്. അതിനാൽ, ഗണേശ തരംഗങ്ങളെ ആവാഹിക്കുന്നതിനായി പുതിയ വിഗ്രഹം ഉപയോഗിക്കുകയും അത് പിന്നീട് നിമജ്ജനം ചെയ്യുകയും ചെയ്യുന്നു.
വിഗ്രഹവും നിർമാല്യവും ഒഴുക്കുള്ള വെള്ളത്തിൽ നിമജ്ജനം ചെയ്യേണ്ടതിനു പിന്നിലുള്ള ശാസ്ത്രം : ഗണപതി വിഗ്രഹത്തിലെ ചൈതന്യം കാരണം വിഗ്രഹം വെള്ളത്തിൽ നിമജ്ജനം ചെയ്യുമ്പോൾ വെള്ളം പവിത്രമാകുന്നു. ഒഴുക്കുള്ള വെള്ളത്തിനോടൊപ്പം വിഗ്രഹത്തിലെ ചൈതന്യം ദൂരെയുള്ള സ്ഥലങ്ങൾ വരെ എത്തുകയും പലർക്കും അതിന്റെ ഗുണം ലഭിക്കുകയും ചെയ്യുന്നു. ഈ വെള്ളം ബാഷ്പീകരിക്കപ്പെടുന്നത് കൊണ്ട് അന്തരീക്ഷം സാത്ത്വികമാകാൻ സഹായകമാകുന്നു.
പൂജയിലെ നിർമാല്യത്തിലും ചൈതന്യം ഉള്ളതു കൊണ്ട് അതും ഒഴുക്കുള്ള വെള്ളത്തിൽ നിമജ്ജനം ചെയ്യുക. ഇലകൾ, പൂക്കൾ എന്നീ പ്രകൃതിദത്തമായ വസ്തുക്കൾ കാരണം ജലം മലിനമാകുകയില്ല. രാസപദാർഥങ്ങളാൽ ഉണ്ടാക്കിയ വസ്തുക്കൾ ഒഴുക്കുമ്പോഴാണ് ജലം മലിനമാകുന്നത്.
ശ്രീ ഗണപതി ഭഗവാനോട് ചെയ്യേണ്ട ചില പ്രാർഥനകൾ
1. ഗണപതി ഭഗവാനെ, ഞാൻ ഇച്ഛിക്കുന്ന കാര്യങ്ങളും എന്റെ സാധനയും നിർവിഘ്നമായി നടത്തി തന്നാലും.
2. ഗുരുസേവയും സാധനയും കൃത്യമായി ചെയ്യുവാനായി എനിക്ക് സാത്ത്വികമായ ബുദ്ധി നൽകിയാലും.
3. ഹേ ബുദ്ധിദാതാവേ, എനിക്ക് എല്ലായ്പ്പോഴും സദ്ബുദ്ധി നൽകിയാലും. വിഘ്നഹർത്താവേ, അങ്ങയുടെ പാശം കൊണ്ട് എനിക്കു ചുറ്റും സംരക്ഷണ കവചം നിർമിച്ചാലും; എന്റെ ജീവിതത്തിലെ കഷ്ടപ്പാടുകൾ മാറ്റി തന്നാലും
Discussion about this post