തിരുവനന്തപുരം; പോപ്പുലർ ഫ്രണ്ടിനെതിരായ നിരോധനം ശക്തമായി നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ബിജെപി. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളും സ്ഥാപനങ്ങളും റെയ്ഡ് നടത്തി പൂട്ടുക മാത്രമല്ല പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ നീക്കങ്ങളും പ്രവർത്തനങ്ങളും നിരീക്ഷിക്കുകയും അവസാനിപ്പിക്കുകയും ചെയ്യണമെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.
സിമിയെ നിരോധിച്ച ശേഷമാണ് എൻഡിഎഫ് രൂപം കൊണ്ടത്. അത് കേരളത്തിലാണ്. അതുകൊണ്ടു തന്നെ നിരോധനം ശക്തമായി നടപ്പാക്കാൻ എൽഡിഎഫ് സർക്കാർ തയ്യാറാകണം. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. ഇതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നാണ് സീതാറാം യെച്ചൂരിയും പ്രതികരിച്ചത്. ഇതേ അഭിപ്രായം തന്നെയാണോ ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രിക്ക് ഉള്ളതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
എൻഡിഎഫ് രൂപം കൊണ്ടത് മുതൽ അവർ പൊതുസമൂഹത്തിന് മുൻപിൽ അവതരിപ്പിക്കുന്ന വാദമാണ് ആർഎസ്എസിനെ പ്രതിരോധിക്കാനാണ് എന്ന്. അതാണ് ഇപ്പോഴും ഇവർ പറയുന്നത്. സിറിയയിൽ ഐഎസ് രൂപം കൊണ്ടതും അഫ്ഗാനിൽ അൽ ഖ്വായ്ദ രൂപം കൊണ്ടതും പലസ്തീനിൽ ഹമാസ് രൂപം കൊണ്ടതും ഈജിപ്തിൽ ഹിസ്ബുളള രൂപം കൊണ്ടതും ആർഎസ്എസ് ഉളളതുകൊണ്ടാണോയെന്ന് കൃഷ്ണദാസ് ചോദിച്ചു.
പോപ്പുലർ ഫ്രണ്ടുമായി പരസ്യവും രഹസ്യവുമായ എല്ലാ ബന്ധവും അവസാനിപ്പിക്കാൻ കോൺഗ്രസും സിപിഎമ്മും തയ്യാറാകണം. നിരോധനത്തെക്കുറിച്ചുളള പോപ്പുലർ ഫ്രണ്ടിന്റെ വാദം പുറത്തുവന്നത് മാർക്‌സിസ്റ്റ്, കോൺഗ്രസ് നേതാക്കളിലൂടെയാണ്. പോപ്പുലർ ഫ്രണ്ടിനെ മാന്യവൽക്കരിക്കാനുളള ആസൂത്രിത നീക്കമാണ്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുളള കാരണങ്ങളിൽ മാർക്‌സിസ്റ്റ്, കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം ഉൾപ്പെടെയുണ്ടെന്നും പി.കെ കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.
പാകിസ്താന് വേണ്ടി അഞ്ചാം പത്തി പണിയെടുക്കുന്ന ഈ ഭീകര സംഘടനകൾക്ക് വേണ്ടിയാണോ മാർക്‌സിസ്റ്റ് നേതൃത്വവും കോൺഗ്രസ് നേതൃത്വവും വാദിക്കുന്നത്. നിയമവാഴ്ച നിലനിൽക്കുന്ന ഒരു രാജ്യത്ത് ഇത്തരം സംഘടനകളെ നിയമം മൂലമാണ് നിരോധിക്കേണ്ടത്. എന്നാൽ അത് പ്രായോഗികമല്ലെന്ന് പറയുന്നത് ആരെ സഹായിക്കാനാണെന്ന് അദ്ദേഹം ചോദിച്ചു.
Discussion about this post