ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ പദവിയിലേക്കുളള തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള സമയപരിധി അവസാനിക്കാനിരിക്കെ അപ്രതീക്ഷിത നീക്കങ്ങൾ. അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ വിമത സംഘമായ ജി 23 നേതാക്കളും നീക്കങ്ങൾ സജീവമാക്കി.
രാത്രിയോടെ ജി 23 നേതാവ് ആനന്ദ് ശർമ്മയുടെ വീട്ടിൽ ജി 23 നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. മനീഷ് തിവാരി, പൃഥ്വിരാജ് ചവാൻ, ബിഎസ് ഹൂഡ, എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. അധ്യക്ഷ പദവിയിലേക്ക് മത്സരിക്കാനുളള നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുളളപ്പോഴായിരുന്നു നേതാക്കളുടെ കൂടിക്കാഴ്ച. ജി 23 യുടെ പ്രതിനിധി മത്സരരംഗത്ത് ഉണ്ടാകുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദ്വിഗ് വിജയ് സിംഗ്, ശശി തരൂർ എന്നിവരാണ് മത്സരരംഗത്ത് ഏകദേശം ഉറപ്പായിട്ടുളളത്. ശശി തരൂർ കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദ്വിഗ് വിജയ് സിംഗ് വ്യാഴാഴ്ച സോണിയയെ കണ്ടതിന് ശേഷമാണ് മത്സരരംഗത്ത് ഉണ്ടാകുമെന്ന സൂചന നൽകിയത്. കേരളത്തിലെത്തി ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുലിനെ കണ്ടതിന് ശേഷമാണ് ദ്വിഗ് വിജയ് സിംഗ് തലസ്ഥാനത്ത് എത്തി സോണിയയുമായി കൂടിക്കാഴ്ച നടത്തിയത്.
അതിനിടെ അശോക് ഗെഹ്ലോട്ടിന് പിന്നാലെ രാജസ്ഥാൻ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റും സോണിയയുമായി കൂടിക്കാഴ്ച നടത്തി. ഗെഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാൽ സച്ചിന് മുഖ്യമന്ത്രിസ്ഥാനം നൽകാനായിരുന്നു നേതൃത്വത്തിന്റെ പദ്ധതി. എന്നാൽ ഗെഹ്ലോട്ട് പക്ഷക്കാരായ എംഎൽഎമാർ രാജിഭീഷണി മുഴക്കിയതോടെ ഈ നീക്കം പാളുകയായിരുന്നു.
രാജസ്ഥാനിലെ യഥാർത്ഥ സ്ഥിതിഗതികൾ സോണിയയെ ധരിപ്പിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സച്ചിൻ പൈലറ്റ് പറഞ്ഞു. അന്തിമ തീരുമാനമെടുക്കുക സോണിയയാണെന്നും സച്ചിൻ പൈലറ്റ് കൂട്ടിച്ചേർത്തു. 2023 നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുകയാണ് ലക്ഷ്യമെന്നും അതിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും സച്ചിൻ പൈലറ്റ് വ്യക്തമാക്കി.
അതേസമയം നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന്റെ അവസാന ദിനമായിട്ടും കോൺഗ്രസ് നേതൃത്വത്തിന് പൊതുവായ ഒരു സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാൻ കഴിയാത്തത് സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ചർച്ചയായിക്കഴിഞ്ഞു.













Discussion about this post