കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഞായറാഴ്ച പ്രവൃത്തി ദിനമാക്കാൻ സംസ്ഥാന സർക്കാരിന്റെ ഗൂഢനീക്കം. സർക്കാർ നീക്കത്തെ ശക്തമായി എതിർത്ത് ക്രൈസ്തവ സഭകൾ രംഗത്തെത്തി. ഞായറാഴ്ച പ്രവൃത്തി ദിവസമാക്കാനുളള സർക്കാർ നിർദ്ദേശങ്ങൾ കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പാലിക്കേണ്ടതില്ലെന്ന് കെസിബിസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഒക്ടോബർ രണ്ടിന് ഞായറാഴ്ച ഗാന്ധി ജയന്തി ദിനത്തിൽ അധ്യാപകരും വിദ്യാർത്ഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി നടത്തണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് കെസിബിസിയുടെ നിലപാട്. നേരത്തെയും സമാനമായ നീക്കങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നതായി ക്രൈസ്തവ സഭകൾ ചൂണ്ടിക്കാട്ടുന്നു.
ഒക്ടോബർ രണ്ടിന് കത്തോലിക്കാരൂപതകളിൽ വിശ്വാസപരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകൾ നടക്കുന്നതിനാലും ഞായറാഴ്ച വിശ്വാസപരമായ ആചാരാനുഷ്ഠാനങ്ങളിൽ കത്തോലിക്കരായ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പങ്കെടുക്കേണ്ടതുള്ളതിനാലും ഈ ദിവസവും സാധാരണപോലെ വിശ്വാസപരമായ കാര്യങ്ങൾക്കുവേണ്ടി മാത്രം നീക്കിവെയ്ക്കുമെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള സർക്കാർ നിർദ്ദേശങ്ങൾ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പാലിക്കേണ്ടതില്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
കെസിബിസിയുടെ ഔദ്യോഗിക വക്താവ് ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളിയാണ് വാർത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.
Discussion about this post