ലക്‌നൗ; കാൺപൂരിൽ തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് 27 മരണം. തീർത്ഥാടകരെയും കൊണ്ടുപോയ ട്രാക്ടർ ട്രോളിയാണ് അപകടത്തിൽപെട്ടത്. മരിച്ചവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. സംസ്ഥാന സർക്കാരും രണ്ട് ലക്ഷം രൂപ മരിച്ചവരുടെ ആശ്രിതർക്ക് നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അപകടം ഹൃദയഭേദകമായെന്നും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ട്രാക്ടർ ട്രോളികൾ ചരക്ക് ഗതാഗതത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്നും യാത്രക്കാരെ കയറ്റി സഞ്ചരിക്കരുതെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ കൂട്ടിച്ചേർത്തു.
ഉന്നാവോയിലെ ചന്ദ്രികാദേവി ക്ഷേത്രത്തിൽ നിന്ന് മടങ്ങിയവരാണ് അപകടത്തിൽ പെട്ടത്. കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു. 20 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ട്രാക്ടർ നിയന്ത്രണം വിട്ട് മറിയുകയും കുളത്തിൽ പതിക്കുകയുമായിരുന്നു. കാൺപൂരിലെ ഖതാംപൂർ മേഖലയിലായിരുന്നു അപകടം. അൻപതിലധികം പേരാണ് ട്രാക്ടർ ട്രോളിയിൽ ഉണ്ടായിരുന്നത്.
Discussion about this post