ലണ്ടൻ ആംബുലൻസിന് കടന്നുപോകാൻ വഴിമാറികൊടുത്തതിന് 130 പൌണ്ട് പിഴയീടാക്കി എന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നേണ്ട. സംഭവം നടന്നത് തന്നെയാണ്. ഏത് അടിയന്തര സാഹചര്യത്തിലും ട്രാഫിക് നിയമങ്ങൾ തെറ്റിക്കാൻ പാടില്ല എന്ന സന്ദേശമാണ് ഈ സംഭവത്തിലൂടെ മനസ്സിലാകുന്നത്.
സംഭവം നടന്നത് ബ്രിട്ടലനിലെ വാൽതം സ്റ്റോവിലാണ്. പിഴ നൽകേണ്ടി വന്ന കാർ ഡ്രൈവർ ജെയിംസ് ഷെറിഡൻ വിഗോർ ഫെയ്സ്ബുക്കിലൂടെ തൻറെ പ്രതിഷേധം അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.വാൽതം സ്റ്റോവിലെ വിപ്പ്സ് ക്രോസ്റോഡിലൂടെ വാഹനമോടിക്കുമ്പോഴായിരുന്നു ജയിംസിന് ഈ അനുഭവം ഉണ്ടായത്. രോഗിയുമായി സൈറൺ മുഴക്കി പാഞ്ഞുവന്ന ആംബുലൻസിന് പെട്ടെന്ന് കടന്നുപോകാനായി മുന്നിലുള്ള ബസ്പാതയിലേക്ക് ജയിംസ് കാറ് കയറ്റി നിർത്തുകയായിരുന്നു. ആംബുലൻസിന് കടന്നുപോകാനായി ബസ് ലൈനിലേക്ക് കാർ കയറ്റി നിർത്തി എന്നതാണ് ജെയിംസിനെതിരെ പിഴ ചുമത്താനുണ്ടായ കുറ്റം. ഇത് ട്രാഫിക് നിയമങ്ങളുടെ ലംഘനമെന്ന കണ്ടെത്തലിനെ തുടർന്നാണ് കുറ്റം ചുമത്തിയത്.
ഒരാളുടെ ജീവൻ രക്ഷിക്കാനായി വഴിമാറുക മാത്രമാണ് താൻ ചെയ്തതെന്നും ട്രാഫിക് നിയമങ്ങൾ ലംഘിക്കാനോ വാഹനങ്ങളെ ഓവർടേക്ക് ചെയ്യാനോ അല്ല താൻ ബസ് ലൈനിൽ കയറിയതെന്നും ജെയിംസ് ഫേസ്ബുക്കിൽ കുറിച്ചു. എന്നിട്ടും തനിക്ക് കൌൺസിൽ പിഴ വിധിക്കുകയായിരുന്നുവെന്നും ജെയിംസ് പ്രതിഷേധം രേഖപ്പെടുത്തി.
തൻറെ മുന്നിൽ ബസ് ലൈനിൽ ഒരു ബസ് നിർത്തിയിട്ടിട്ടുണ്ടായിരുന്നു.അതുകൊണ്ടുതന്നെ ബസ് ലൈനിലൂടെ ആ സമയത്ത് ആംബുലൻസിന് കടന്നുപേകാൻ കഴിയില്ല. ഇക്കാരണം കൊണ്ടാണ് താൻ ബസ് ലൈനിലേക്ക് മാറ്റി നിർത്തി ആംബുലൻസിന് വഴിമാറികൊടുത്തത്. താൻ വഴിമാറിയില്ലായിരുന്നുവെങ്കിൽ മുന്നിൽ ബസ് കിടക്കുന്നത് കാരണം ആംബുലൻസിന് സഞ്ചാരം തടസ്സപ്പെടുമായിരുന്നു. ബസ് ലൈനിൽ നിർത്തിയിട്ട ബസിന് മുകളിലൂടെ ആംബുലൻസ് പറക്കുമായിരുന്നോ എന്ന ചോദ്യവും ജെയിംസ് ഉന്നയിച്ചിട്ടുണ്ട്.
എന്തു കാരണം കൊണ്ടായാലും ബസ് ലൈനിൽ കാർ കയറ്റിയതിന് 130 പൌണ്ട് പിഴ അടയ്ക്കണം എന്നായിരുന്നു കൗൺസിൽ തീരുമാനം. ജെയിംസ് ട്രാഫിക് നിയമങ്ങൾ ലംഘിച്ചു എന്നും കൌൺസിൽ കണ്ടെത്തി. ‘അടിയന്തര ഘട്ടങ്ങളിൽ ബസ് ലൈനുകൾക്ക് മുകളിലൂടെ ആംബുലൻസുകൾക്കും സഞ്ചരിക്കാൻ അനുവാദമുണ്ട്. ആംബുലൻസ് വരുന്നു എന്ന കാരണത്താൽ ബസ് ലൈനിലേക്ക് കാർ കയറ്റിയതു വഴി ആംബുലൻസിൻറെ തന്നെ വഴി തടയുകയാണ് ജെയിംസ് ചെയ്തതെന്നാണ് കൌൺസിലിൻറെ മറുപടി.
അതേ സമയം ജെയിംസ് തൻറെ അനുഭവം ഫെയ്സ്ബുക്കിൽ പങ്കുവെച്ചതോടെ നിരവധി പേർ അനുകൂലമായും പ്രതികൂലമായും പ്രതികരിച്ചു. ഇതി ജയിംസിൻറെ മാത്രം അനുഭവമല്ലെന്നും പലർക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും നിരവധിപേർ പ്രതികരണം അറിയിച്ചു. അടിയന്തര ഘട്ടത്തിൽ രോഗികളെ സഹായിച്ചത്കൊണ്ട് കയ്യിലുള്ള പണം പിഴ നൽകി നഷടപ്പെട്ടെന്നും നിരവധിപേർ പറഞ്ഞു. ബസ് ലൈനിലേക്ക് മറ്റ് വാഹനങ്ങൾ കയറുന്നത് നിയമവിരുദ്ധമായതിനാൽ ഏതു സാഹചര്യത്തിലും അത് ചെയ്യാൻ അനുവാദമില്ലെന്ന എതിരഭിപ്രായങ്ങളും ഫെയ്സ്ബുക്കിൽ ഉയർന്നിട്ടുണ്ട്.
രണ്ട് തവണ അപ്പീൽ നൽകിയിട്ടും കൌൺസിൽ തീരുമാനത്തിൽ നിന്ന് പിന്തിരിഞ്ഞില്ല. എന്നാൽ സംഭവം സമൂഹമാദ്ധ്യമത്തിൽ ചർച്ചയായതോടെ തീരുമാനത്തിൽ മാറ്റം വന്നു. .ജെയിംസിൻറെ ഭാഗത്ത് ന്യായമുണ്ടെന്ന് കണ്ടെത്തിയ കൌൺസിൽ പിഴ ഈടാക്കിയ തീരമാനം റദ്ദുചെയ്തു. “ഞങ്ങൾ ഈ സംഭവം അന്വേഷിച്ചു, പിഴ ചുമത്തിയതിൽ ഞങ്ങൾക്ക് തെറ്റുപറ്റി, അത് റദ്ദാക്കിയിരിക്കുന്നു. തെറ്റിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു.”കൗൺസിൽ വക്താവ് പറഞ്ഞു.
Discussion about this post